Connect with us

National

ഇരയായ യുവതിക്ക് പത്ത് ലക്ഷം; ബലാത്സംഗ കേസ് കോടതി 'ഒത്തുതീര്‍പ്പാക്കി'

Published

|

Last Updated

മുംബൈ: കുറ്റാരോപിതന്‍ പീഡനത്തിനിരയായ യുവതിക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി ബലാത്സംഗ കേസ് റദ്ദാക്കിയത് വിവാദമാകുന്നു. പ്രത്യേക സാഹചര്യത്തില്‍ യുവതിയുടെ അനുവാദത്തോടെയാണ് ബലാത്സംഗം ചെയ്തതെന്ന നിരീക്ഷണത്തോടെയാണ് കേസ് കോടതി റദ്ദാക്കിയത്. ബലാത്സംഗത്തിനിരയായ യുവതി ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. യുവതിയുടെ സുരക്ഷിത ഭാവിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും പത്ത് ലക്ഷം രൂപ നല്‍കണം എന്ന് പ്രതിയോട് ജസ്റ്റിസ് അഭയ് ഒകയും അംജദ് സഈദും അംഗങ്ങളായ ബഞ്ച് ആവശ്യപ്പെട്ടു.

ഈ തുക ഒരു ദേശസാത്കൃത ബേങ്കില്‍ പത്ത് വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് പത്ത് ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് യുവതി അറിയിച്ചതായി പൂനെ സ്വദേശിയായ പ്രതി കോടതിയെ ധരിപ്പിക്കുകയായിരുന്നു. കേസില്‍ പ്രാഥമിക വാദം കേള്‍ക്കുമ്പോള്‍ തന്നെ പ്രതി അഞ്ച് ലക്ഷം രൂപ ഹൈക്കോടതി രജിസ്ട്രാറെ ഏല്‍പ്പിച്ചിരുന്നു. ശേഷിക്കുന്ന തുകയും നിക്ഷേപിച്ചുകഴിഞ്ഞതായി പ്രതി ഇന്നലെ കോടതിയെ അറിയിച്ചു.

അതേസമയം, ചില തെറ്റിദ്ധാരണകള്‍ കാരണമാണ് പുണെ സ്വദേശിക്കെതിരെ ബലാത്സംഗത്തിന് കേസ് നല്‍കിയതെന്ന് യുവതിയും പ്രതികരിച്ചു. തന്നെ ഗര്‍ഭിണിയാക്കിയ ശേഷം കാണാതായതിനെ തുടര്‍ന്നാണ് പൂനെ സ്വദേശിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് വേറെ ഭാര്യയുണ്ടെന്ന കാര്യം തനിക്കറിയാമായിരുന്നെന്നും യുവതി പറഞ്ഞു.

പ്രതിയും യുവതിയും തമ്മില്‍ നല്ല ബന്ധമാണ് നിലനിന്നിരുന്നതെന്നും അവര്‍ ഇപ്പോള്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടുണ്ടെന്നും പ്രതിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ച ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു.

എന്നാല്‍, കഴിഞ്ഞ മാസം ആറിന് ഐ പി സി 376 വകുപ്പ് പ്രകാരം ബലാത്സംഗത്തിനും 323 പ്രകാരം മുറിവേല്‍പ്പിച്ചതിനുമാണ് കുറ്റാരോപിതനെതിരെ കേസെടുത്തിരുന്നത്. വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് എഫ് ഐ ആറില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കോടതിക്ക് പുറത്ത് നടന്ന ഒത്തുതീര്‍പ്പിന് കോടതിയും അനുവാദം നല്‍കുകയായിരുന്നുവെന്നാണ് വിമര്‍ശം ഉയര്‍ന്നിരിക്കുന്നത്.

Latest