Connect with us

National

ബാലവേല നിയന്ത്രണ നിരോധന ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി:പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ബാലവേല നിയന്ത്രണ നിരോധന ഭേദഗതി നിയമത്തിന് പാര്‍ലിമെന്റ് അംഗീകാരം നല്‍കി. കഴിഞ്ഞ 19ന് രാജ്യസഭ പാസാക്കിയ ബില്ലിന് പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ ചൊവ്വാഴ്ച ലോക്‌സഭയും അംഗീകാരം നല്‍കിയിരുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കുന്ന ശിക്ഷ ഉറപ്പുവരുത്തിയാണ് നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. അര ലക്ഷം രൂപവരെ പിഴയും അടക്കേണ്ടിവരും.

14 വയസ്സിന് താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നത് പൂര്‍ണമായും വിലക്കുന്നുണ്ടെങ്കിലും, വീടുകളിലെ സ്വയം തൊഴില്‍, ചെറുകിട വ്യവസായം തുടങ്ങിയവയിലൊക്കെ, സ്‌കൂള്‍ സമയത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് സഹായിക്കാം എന്നതാണ് പുതിയ ഭേദഗതി. ചില ലോക്‌സഭാംഗങ്ങളുടെയും ബാലാവകാശ പ്രവര്‍ത്തകരുടെയും യൂനിസെഫിന്റെയുമൊക്കെ എതിര്‍പ്പുകള്‍ മറികടന്നാണ് ബില്‍ പാസാക്കിയത്.

അതേസമയം കുടുംബത്തെ സഹായിക്കുന്നതിനപ്പുറത്ത് 14 വയസില്‍ താഴെയുള്ള കുട്ടികള്‍ ജോലികളിലേര്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് ഭേദഗതി ബില്ലും അനുശാസിക്കുന്നുണ്ട്. ബില്ലില്‍ ഒട്ടേറെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പല അംഗങ്ങളും സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയാണ് ഭേദഗതി ബില്‍ പാസാക്കിയത്. ബില്‍ ബി ജെ പി അജന്‍ഡയാണെന്ന് ആരോപിച്ച് ഇടത് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അടിസ്ഥാന വിദ്യാഭ്യാസം ആര്‍ക്കും നിഷേധിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണിത്.

പഠനത്തിന്റെ ഭാഗമായുള്ള ജോലി ചെയ്യുന്നതിനും തടസ്സമുണ്ടാകില്ല. എന്നാല്‍, 14 മുതല്‍ 18 വരെയുള്ള കുട്ടികളെ അപകട സാധ്യതയുള്ള തൊഴിലിടങ്ങളില്‍ പണിയെടുപ്പിക്കരുതെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. ബാലവേല നിരോധം ഏര്‍പ്പെടുത്തിയ തൊഴിലിടങ്ങളുടെ എണ്ണം 83ല്‍നിന്ന് 31 ആയി കുറച്ചിട്ടുണ്ട്. വിനോദ വ്യവസായ മേഖലകള്‍ക്ക് നിയമത്തില്‍ പ്രത്യേക ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലില്‍ “കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തൊഴിലിടം” സംബന്ധിച്ച വിശദീകരണത്തില്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.

കുട്ടികള്‍ ചൂഷണത്തിനിരയാകാന്‍ ഇതില്‍ പഴുതുണ്ടെന്ന് അംഗങ്ങള്‍ പറഞ്ഞു. ബില്ലില്‍ അപകടകരമായ തൊഴില്‍ മേഖലയെക്കുറിച്ച് പറയുന്നു. എന്നാല്‍, ഇതിന് കൃത്യമായ നിര്‍വചനമില്ല. അത് അധികാരികള്‍ക്ക് യഥേഷ്ടം തീരുമാനിക്കാമെന്നതിനാല്‍ ആ വകുപ്പ് എടുത്തുകളയണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഭേദഗതികളോടെയുള്ള ബില്‍, കുട്ടികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുമെന്നും, സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്നും യൂനിസെഫ് അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം പുതിയ ഭേദഗതി ഗുണത്തേക്കാളേറെ ദോഷങ്ങളാകും ഉണ്ടാക്കുകയെന്നും ബാലവേലക്ക് കുട്ടികള്‍ ഇരയാക്കപ്പെടുമെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം.

Latest