കാണാതായ മലയാളികള്‍ക്കെതിരെ യു എ പി എ ചുമത്തി

Posted on: July 27, 2016 11:40 pm | Last updated: July 27, 2016 at 11:16 pm
SHARE

പാലക്കാട്: ദുരൂഹ സാഹചര്യത്തില്‍ പാലക്കാട് നിന്ന് കാണാതായ രണ്ട് പേര്‍ക്കെതിരെ യു എ പിഎ ചുമത്തി. സഹോദരങ്ങളായ ഇസ, യഹിയ എന്നിവര്‍ക്കെതിരെയാണ് ഡി വൈ എസ് പി. എം കെ സുല്‍ഫിക്കറിന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം യു എ പി എ ചുമത്തിയത്. യഹിയക്കെതിരെ നേരത്തെ എറണാകുളം പോലീസും യു എ പി എ ചുമത്തിയിരുന്നു. ഇസില്‍ ബന്ധം ആരോപിക്കപ്പെട്ട ഇരുവര്‍ക്കുമെതിരെ ബന്ധുക്കള്‍ പാലക്കാട് എസ ്പിക്ക് പരാതി നല്‍കിയിരുന്നു.

യഹിയ, ഇസ എന്നിവരെയും ഇവരുടെ ഭാര്യമാരെയും ജൂണ്‍ മുതലാണ് കാണാതായത്.
തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയാണ് ഇസയുടെ ഭാര്യ. എറണാകുളം വൈറ്റില സ്വദേശിനിയായ മെറിന്‍ എന്ന മറിയത്തെയാണ് യഹിയ വിവാഹം ചെയ്തത്. മെറിനെ കാണാതായ സംഭവത്തിലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും സഹോദരന്‍ എബിന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെയും മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നതായും എബിന്‍ നല്‍കിയ പരാതിയിലുണ്ട്.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേരളാ പോലീസും മഹാരഷ്ട്ര ഭീകരവാദ വിരുദ്ധ സേനയും നടത്തിയ അന്വേഷണത്തിലാണ് റിസ്‌വാന്‍ എന്നയാള്‍ കഴിഞ്ഞ ആഴ്ച മുംബൈയില്‍ പിടിയിലായത്. ഇയാളെ കൂടാതെ ആര്‍ഷി ഖുറേഷി എന്നയാളെയും ഇസില്‍ ബന്ധത്തിന്റെ പേരില്‍ മുംബൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. മെറിനും യഹിയയും തമ്മിലുള്ള വിവാഹത്തിന് സാക്ഷ്യപത്രം ഒപ്പിട്ടത് റിസ്‌വാനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മുംബൈയിലെ റിസ്‌വാന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മെറിന്റെയടക്കം നിരവധി ആളുകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിരുന്നു.