Connect with us

Gulf

ഇന്ത്യയുടെ 'ഹലാല്‍' അലര്‍ജിക്കു വിരാമം; കൂടുതല്‍ ഉത്പന്നങ്ങള്‍ ഗള്‍ഫ് വിപണിയില്‍

Published

|

Last Updated

ദോഹ:ആദ്യകാലങ്ങളില്‍ഇന്ത്യ അത്ര താത്പര്യം കാണിക്കാതിരുന്ന ഹലാല്‍ വ്യവസായത്തില്‍ രാജ്യം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളാണ് ഇന്ത്യയുടെ ഹലാല്‍ ഉത്പന്നങ്ങളുടെ പ്രധാന ഗുണഭോക്താക്കള്‍. ലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ ജീവിക്കുന്ന രാജ്യങ്ങള്‍ എന്നതുകൂടിയാണ് ഗള്‍ഫില്‍ ഇന്ത്യന്‍ ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതെന്ന് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍നിന്നുള്ള ഹലാല്‍ അംഗീകൃത ഉത്പന്നങ്ങളുടെ ഗള്‍ഫിലെ ഇറക്കുമതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ ഗ്ലോബല്‍ പ്രമോട്ടറും ഇന്ത്യയിലെ പ്രമുഖ എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയായ മരിയ ഡേ ഗ്രൂപ്പ് ചെയര്‍മാനുമായ ഹാജി ശക്കീല്‍ ഖുറൈശി പറഞ്ഞു. ഗള്‍ഫിലെ ഉപഭോക്താക്കള്‍ കൂടുതലായി ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ട്. ഗള്‍ഫ് ഗവണ്‍മെന്റുകള്‍ ഹലാല്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഹലാല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍നിന്നും ഹലാല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും വ്യവസായത്തിനും വ്യാപാരത്തിനും വിപുലമായ അവസരമാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളതെന്നും ഇന്ത്യയില്‍ കൂടുതല്‍ സംരംഭകര്‍ ഹലാല്‍ ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ തയാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹലാല്‍ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ഖുറൈശിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. സമൂഹത്തില്‍ ഹലാല്‍ ഉത്പന്നങ്ങളോട് കൂടുതല്‍ താത്പര്യം വര്‍ധിച്ചു വരുന്നുണ്ട്. ഇന്ത്യയില്‍ ഹലാല്‍ വ്യവസായം പ്രോത്സാഹിക്കപ്പെടുന്ന രീതിയിലേക്കു മാറിയിട്ടുണ്ട്. നൂറു കണക്കിന് ഇന്ത്യന്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ ലോക തലത്തില്‍ സ്വീകരിക്കപ്പെടുന്നുണ്ട്.

ഭക്ഷ്യോത്പന്നങ്ങള്‍, കോസ്മറ്റിക്‌സ്, പേഴ്‌സനല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുങ്ങിയവയാണ് കൂടുതല്‍ കയറ്റി അയക്കപ്പെടുന്നതെന്നും ഖുറൈശി പറയുന്നു.ഗള്‍ഫ് നാടുകളില്‍ ഇറക്കുമതി ചെയ്തു വില്‍പ്പന നടത്തുന്ന വസ്തുക്കളില്‍ ഹലാല്‍ മാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള പ്രധാന അളവുകോലായി നിലവില്‍ വന്ന സമ്പ്രദായമാണിത്. അതുകൊണ്ടു തന്നെ ഹലാല്‍ വിപണി കൂടുതല്‍ തുറന്നു വരികയാണ്. ലോകത്തെ 2000 കോടി ഉപഭോക്കളാണ് ഹലാല്‍ ഭക്ഷ്യോത്പന്നങ്ങളള്‍ക്കായി കാത്തിരിക്കുന്നത്. ഹാലാല്‍ ഉത്പന്നങ്ങളെയും സാധ്യതകളെയും കുറിച്ചുള്ള ബോധവത്കരണം കൂടുതല്‍ രാജ്യങ്ങളെ ഈ രംഗത്തേക്കു കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇന്‍ഡസ്ട്രി വിദഗ്ദര്‍ പറയുന്നു.

രാജ്യാന്തര വ്യാപാര, കയറ്റുമതി വ്യവസായ മേഖലയുടെ നട്ടെല്ലായി ഹലാല്‍ സ്റ്റാന്‍ഡേര്‍ഡ് മാറിയിട്ടുണ്ട്. സുരക്ഷയും ഗുണനിലവാരവും സേവനവുമാണ് പ്രധാനമായും ഹലാല്‍ അംഗീകാരത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഈ സാധ്യതകള്‍ മനസ്സിലാക്കിയാണ് കൂടുതല്‍ ഇന്ത്യന്‍ വ്യാപാരികളും കയറ്റുമതി സ്ഥാപനങ്ങളും ഈ രംഗത്തേക്കു കടന്നു വരുന്നതെന്ന് ഖുരൈശി കണക്കുകള്‍ നിരത്തി പറയുന്നു. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഹലാല്‍ മാര്‍കിംഗിനും മോണിറ്ററിംഗിനും ഇപ്പോള്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ലോക വിപണിയിലേക്ക് കൂടുതല്‍ പ്രവേശം ലഭിക്കാന്‍ കൂടി കാരണമാകുന്നു. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കുകയും നിലവാരമുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരം സൃഷ്ടിക്കുന്നതുമാണ്. നേരത്തേ ഇന്ത്യന്‍ വ്യവസായ രംഗം ഹലാല്‍ മാര്‍ക്കിംഗിനെ തെറ്റിദ്ധാരണയോടെ സമീപിച്ചിരുന്നു. എന്നാല്‍ ഹലാല്‍ ഇപ്പോള്‍ പ്രചാരത്തിലായി. ഇതൊരു ഗുണനിലവാരത്തിന്റെ അടയാളമായാണ് സ്വീകരിക്കപ്പെടുന്നതെന്നും വിശ്വാസത്തിന്റെ ഭാഗമായുള്ള അടയാളം മാത്രമല്ലെന്നും ഖുറൈശി പറയുന്നു.

Latest