Connect with us

Gulf

ഖത്വറില്‍ പ്രവാസികള്‍ക്ക് ജോലി അറുപത് വയസ്സ് വരെ മാത്രം

Published

|

Last Updated

ദോഹ: ഖത്വറില്‍ പ്രവാസികള്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രായപരിധി ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം പ്രവാസികള്‍ക്ക് അറുപതാം വയസ്സില്‍ നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. പഠനത്തിന് ശേഷം ജോലി കണ്ടെത്താന്‍ ഖത്വറിലെ ബിരുദധാരികള്‍ ഏറെ പ്രയാസപ്പെടുന്നുവെന്ന പരാതികള്‍ വര്‍ധിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

അറുപത് പിന്നിട്ടവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിലൂടെ യുവസമൂഹത്തിന്റെ ശേഷി ഉപയുക്തപ്പെടുത്താനാകുമെന്ന് മന്ത്രാലയം പറഞ്ഞതായി അല്‍ വത്വന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അറുപത് വയസ്സാകുന്നതോടെ പ്രവാസികളുടെ തൊഴില്‍ കരാര്‍ റദ്ദാകുന്ന രീതിയാണ് സ്വീകരിക്കുക. രാജ്യം വിടുന്നതിന് മുമ്പ് ഗ്രാറ്റുവിറ്റി അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി അവര്‍ക്ക് നല്‍കണം. പ്രവാസി തൊഴില്‍സമൂഹത്തെയും റിക്രൂട്ട് ചെയ്യുന്ന വ്യാപാര- വ്യവസായ മേഖലകളെയും സംബന്ധിച്ച കണക്കുകള്‍ തൊഴില്‍ മന്ത്രാലയം ഈയടുത്ത് വിശകലനം ചെയ്തിരുന്നു.

വിവിധ പദ്ധതികള്‍ക്കായി രാജ്യത്തേക്ക് വന്ന പ്രവാസികള്‍ പദ്ധതി നിര്‍മാണങ്ങള്‍ പൂര്‍ത്തിയായിട്ടും രാജ്യം വിടാത്ത സംഭവങ്ങള്‍ വര്‍ധിച്ചതും ഇത്തരമൊരു നിര്‍ദേശത്തിന് കാരണമാണ്.

രാജ്യത്തെ മാനവ വിഭവ നിയമമനുസരിച്ച് പൊതുമേഖലകളിലെ ഖത്വരികളുടെ വിരമിക്കല്‍ പ്രായം 60 ആണ്. എന്നാല്‍ ഇത് ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. സ്വകാര്യമേഖലയില്‍ ഇത്തരമൊരു പ്രായപരിധി ഇല്ല. പ്രായം കൂടിയ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍മാരെ മാറ്റുന്നതിനും സാധിക്കില്ല. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും പ്രായപരിധി നിശ്ചയിക്കുന്ന ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. സഊദി അറേബ്യയില്‍ 2013ല്‍ ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest