Connect with us

Malappuram

കെ എസ് ആര്‍ ടി സി സര്‍വീസ് തുടങ്ങണമെന്ന് ആവശ്യം

Published

|

Last Updated

തേഞ്ഞിപ്പലം: കോഴിക്കോട്-എടപ്പാള്‍ റൂട്ടില്‍ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി സര്‍വീസ് ആരംഭിക്കണമെന്ന് എ ഐ വൈ എഫ് വള്ളിക്കുന്ന് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ ബസുകള്‍ കുത്തകയാക്കിയ കോഴിക്കോട്, കുറ്റിപ്പുറം, എടപ്പാള്‍ റൂട്ടുകളില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്നുണ്ട്. പല സ്വകാര്യ ബസുകളും സ്റ്റോപ്പില്‍ നിര്‍ത്താതെയും യാത്രക്കാരെ കൃത്യ സ്ഥലത്ത് ഇറക്കാതെയും തോന്നുംവിധമാണ് സര്‍വീസ് നടത്തുന്നത്. ഇതിനാല്‍ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ള യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്.
ഇതിന് പരിഹാരമായി എത്രയും വേഗം കോഴിക്കോട്-കുറ്റിപ്പുറം-എടപ്പാള്‍ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിക്കാന്‍ നടപടിയെടുക്കണമെന്ന് സമ്മേളനം ആവശ്യമുന്നയിച്ചു. പ്രതിനിധി സമ്മേളനം അഡ്വ. കെ കെ സമദ് ഉദ്ഘാടനം ചെയ്തു. ദിപിന്‍ദാസ്, ജിനേഷ്, അനില്‍കുമാര്‍ സമ്മേളനം നിയന്ത്രിച്ചു. സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് സലീം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പൊതുസമ്മേളനം എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ദിപിന്‍ ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശഫീഖ് കിഴിശേരി പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷാജി ചേളാരി (പ്രസി.), ദിപിന്‍ ദാസ് പള്ളിക്കല്‍ (സെക്ര.), അനില്‍കുമാര്‍ പള്ളിക്കല്‍ (വൈ.പ്രസി.), ഷാജി കൂനേരി (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ കാളാടന്‍ മൊയ്തീന്‍ സ്വാഗതം പറഞ്ഞു.

Latest