ഖിത്മത്ത് കോളജ് റാഗിംഗ്; പത്ത് പേര്‍ക്കെതിരെ കേസെടുത്തു

Posted on: July 27, 2016 2:08 pm | Last updated: July 27, 2016 at 2:08 pm
SHARE

തിരൂര്‍: തിരുന്നാവായ ഖിത്മത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനിരയായ സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ ക ല്‍പകഞ്ചേരി പോലീസ് കേസെടുത്തു. ബി ബി എ, ബി കോം മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും കോളജിലെ എം എസ് എഫ് പ്രവര്‍ത്തകരുമായ മുസ്തഫ, സഖരിയ, ഹസീബ്, സുഹൈല്‍, മുബഷിര്‍, ഹാഫിസ്, ഷാറൂഖ്, റാശിദ്, ഷഹീന്‍, ശംസീര്‍ എന്നിവര്‍ക്കെതിരെ സംഘം ചേര്‍ന്ന് മര്‍ദനം, റാഗിംഗ് നിരോധന ആക്ട് ഐ പി സി 998 വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി കല്‍പകഞ്ചേരി എസ് ഐ. പി എം ശമീര്‍ പറഞ്ഞു. റാഗിംഗിനിരയായ രണ്ട് വിദ്യാര്‍ഥികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ബി ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പുറത്തൂര്‍ സ്വദേശി ചാളക്ക പറമ്പില്‍ വീട്ടില്‍ കരീമിന്റെ മകന്‍ ഷെബിന്‍ കരീം(19), വെട്ടിച്ചിറ സ്വദേശി ചേക്കുട്ടി അലിക്കാനകത്ത് മുറിവഴിക്കല്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് റാശിദ് (19) എന്നിവരാണ് മുപ്പതോളം വരുന്ന സീനിയര്‍ വിദ്യാര്‍ഥികളുടെ അക്രമത്തിന് ഇരയായത്. നട്ടെല്ലിനും കണ്ണിനും പരുക്കേറ്റ വിദ്യാര്‍ഥികളെ പരിശോധനക്ക് വിധേയമാക്കി. എന്നാല്‍ രണ്ട് വിദ്യാര്‍ഥികള്‍ ക്രൂരമായ അക്രമത്തിന് വിധേയരായിട്ടും കോളജ് അധികൃതര്‍ സംഭവത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വിദ്യാര്‍ഥികളും ഇവരുടെ രക്ഷിതാക്കളും കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പ്രിന്‍സിപ്പലോ മാനേജ്‌മെന്റോ തയ്യാറായിട്ടില്ല. റാഗിംഗ് സംബന്ധമായി പരാതി ലഭിച്ചാല്‍ കോളജ് മേധാവി പോലീസില്‍ വിവരമറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ കോളജിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണിതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
തങ്ങളെ അക്രമിക്കുന്നത് അധ്യാപകര്‍ നോക്കി നില്‍ക്കെ ആയിരുന്നെന്നും സംഘം ചേര്‍ന്ന് തങ്ങളെ മര്‍ദിക്കുന്നത് സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പോലീസി ല്‍ മൊഴി നല്‍കി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റത്. തുടര്‍ന്ന് ഒരു മണിയോടെ റാഗിംഗിന് ഇരയായി.
അവശരായ വിദ്യാര്‍ഥികളെ സഹപാഠികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.