സര്‍ക്കാറിന്റെ പുതിയ നിര്‍ദേശങ്ങള്‍: പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് ജില്ലാപഞ്ചായത്ത്

Posted on: July 27, 2016 12:43 pm | Last updated: July 27, 2016 at 12:43 pm
SHARE

malappuram jilla panchayath...മലപ്പുറം: നടപ്പ് വര്‍ഷത്തെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന്റെ പഴയ മാര്‍ഗരേഖ തന്നെ മാനദണ്ഡമാക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. പദ്ധതി അംഗീകാരം വാങ്ങുന്നതിനുള്ള നടപടികള്‍ പഞ്ചായത്തുകളില്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പുതിയ നിര്‍ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇത് പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസമാകുന്നുണ്ടെന്നും ഹനീഫ പുതുപ്പറമ്പ് അവതരിപ്പിച്ച പ്രമേയത്തില്‍ അറിയിച്ചു. പുതിയ ബജറ്റ് നിര്‍ദേശത്തിന്റെ ഭാഗമായി ഭൂമി രജിസ്‌ട്രേഷന്‍ ഫീസില്‍ വരുത്തിയിട്ടുള്ള വര്‍ധനവ് പിന്‍വലിക്കണമെന്നും അടിയന്തിര പ്രമേയത്തിലൂടെ സലീം കുരുവമ്പലം ആവശ്യപ്പെട്ടു. പിതാവിന് സ്വന്തം മക്കള്‍ക്ക് ഭൂമി നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡിഫ്തീരിയ, കോളറ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയുടെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. സ്ഥലംമാറ്റ നടപടികള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടിയുണ്ടാവണമെന്ന് പി രോഹില്‍നാഥ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയില്‍ മാപ്പിള കലണ്ടര്‍ പ്രകാരം പ്രവൃത്തിക്കുന്ന വിദ്യാലയങ്ങളെ ജനറല്‍ കലണ്ടറിലേക്ക് മാറ്റാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയരുന്നതായി ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതാത് തദ്ദേശ സ്ഥാപന പ്രസിഡന്റ്, സ്‌കൂള്‍ പ്രധാനധ്യാപകര്‍, പി ടി എ ഭാരവാഹികള്‍ എന്നിവരെയും അഭിപ്രായ സമന്വയം നടത്തും. 130 ഓളം വിദ്യാലയങ്ങളാണ് ജില്ലയില്‍ മാപ്പിള കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്നത്. മധ്യവേനലവധിക്കാലത്ത്് ഓട്ടുമിക്ക വിദ്യാലയങ്ങളും അവധിയായിരിക്കുമ്പോള്‍ മാപ്പിള സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ട്. സൂര്യാഘാതത്തിന് പോലും സാധ്യതയുള്ള ശക്തമായ ചൂടില്‍ വിദ്യാര്‍ഥികള്‍ പഠനം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി.
വിജയഭേരി പദ്ധതിയുടെ ഭാഗമായി നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ നടത്തിയ ബേസ് ലൈന്‍ ടെസ്റ്റില്‍ പല സ്‌കൂളുകളും പിന്നോക്കം നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിദ്യാലയങ്ങളില്‍ പ്രത്യേക പദ്ധതികള്‍ ഏര്‍പ്പെടുത്തി നിലവാരം മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചു. മലപ്പുറത്തെ ബാല സൗഹൃദ ജില്ലയാക്കാന്‍ ചൈല്‍ഡ് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം കാര്യക്ഷമാക്കും. കില ഡയറക്ടറുടെ നിര്‍ദേശ പ്രകരമാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.