ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് മുസ്ലിം വനിതകള്‍ക്ക് ക്രൂര മര്‍ദനം

Posted on: July 27, 2016 11:01 am | Last updated: July 28, 2016 at 10:59 am
SHARE

mandsaur-incident.jpg.image.784.410മണ്ടാസൂര്‍(മധ്യപ്രദേശ്): ബീഫ് വില്‍പ്പന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ട് മുസ്‌ലിം വനികളെ ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘത്തിന്റെ ക്രൂരമായ മര്‍ദനം. മധ്യപ്രദേശിലെ മണ്ടാസുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. രണ്ട് പൊലീസുകാര്‍ സാക്ഷികളായിരുന്നെങ്കിലും അക്രമികളെ തടയാന്‍ ഇവരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ല. സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും സംഭവത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. എന്നാല്‍ സ്റ്റേഷനിലുണ്ടായിരുന്ന ഒരാള്‍ സംഭവം മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
നിയമവിരുദ്ധമായി അളവില്‍ കൂടുതല്‍ ബീഫ് വില്‍പ്പനക്കായി രണ്ട് മുസ്‌ലിം വനികള്‍ യാത്ര പുറപ്പെട്ടിട്ടുണ്ടെന്ന സൂചനയനുസരിച്ച് ഇവരെ അറസ്റ്റ് ചെയ്യാനാണ് സ്‌റ്റേഷനിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വനിതകളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു ഇവര്‍ക്കു നേരെ ക്രൂര മര്‍ദനം അരങ്ങേറിയത്. ഗോ മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു മര്‍ദനം. ഏതാണ്ട് അര മണിക്കൂറോളം മര്‍ദനം തുടര്‍ന്നു. വനിതകളിലൊരാള്‍ അവശയായി കുഴഞ്ഞു വീണ ശേഷമാണ് പൊലീസ് ഇവരെ സംഭവ സ്ഥലത്തു നിന്നും മാറ്റിയത്. ഇവരില്‍ നിന്നും 30 കിലോ മാംസം പിടിച്ചെടുത്തയായി പൊലീസ് പറഞ്ഞു. എന്നാല്‍ പിടിച്ചെടുത്തത് ബീഫ് അല്ലെന്ന് പിന്നീട് പരിശോധനയില്‍ വ്യക്തമായി.

നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് അറിയിച്ചു.

വീഡിയോ കാണാം………