കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 1.75 കോടിയുടെ യന്ത്രം; പുത്തന്‍ പ്രതീക്ഷകളുമായി ആവള പാണ്ടി

Posted on: July 27, 2016 9:48 am | Last updated: July 27, 2016 at 9:48 am
SHARE

പേരാമ്പ്ര: മലബാറിലെ പ്രധാനപ്പെട്ട നെല്ല് ഉത്പാദന കേന്ദ്രങ്ങളിലൊന്നായ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള പാണ്ടിയോടുള്ള അവഗണനക്ക് അറുതിയാകുന്നു.ആവള പാണ്ടി കൃഷി യോഗ്യമാക്കുന്നതിന്റെ മുന്നോടിയായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹെഡ് പ്രൊഫസര്‍ ഡോ: ജയകുമാര്‍ പാണ്ടി സന്ദര്‍ശിക്കുകയും, സംസ്ഥാനത്ത് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ മാത്രം ലഭ്യമായ ആംഫീബിയന്‍ മെഷീന്‍ ട്രയല്‍ നടത്തുന്നതിനായി അടുത്ത മാസം ആദ്യവാരത്തില്‍ത്തന്നെ പാണ്ടിയില്‍ എത്തിക്കുന്നതിന് തീരുമാനിക്കുകയും ചെയ്ത വിവരമറിഞ്ഞതോടെ കര്‍ഷക തൊഴിലാളി സമൂഹം ഏറെ പ്രതിക്ഷയിലാണ്.
ആമ യന്ത്രമെന്ന് വിളിക്കപ്പെടുന്ന പ്രസ്തുത മെഷീന്‍, പാടശേഖരത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ ഉതകുന്ന പക്ഷം ആഗസ്റ്റില്‍ത്തന്നെ തുടര്‍പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒഴിവാകാത്ത വെള്ളക്കെട്ട്, നീക്കം ചെയ്യാന്‍ കഴിയാത്ത അപൂര്‍വ ഇനം കളകള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ആവള പാണ്ടിയെ തരിശിടുന്നതിലേക്കെത്തിച്ചത്. ആവള പാണ്ടി, കരുവോട് ചിറ പാടശേഖരങ്ങളില്‍ കൃഷി നടക്കാത്തതിന്റെ മറ്റുകാരണങ്ങളും കര്‍ഷകര്‍ കാര്‍ഷിക സര്‍വകലാശാല അധികൃതരെ ധരിപ്പിച്ചു. എന്ത് പ്രതിസന്ധികളൂണ്ടായാലും ഈ വര്‍ഷം തന്നെ പാണ്ടിയില്‍ കൃഷിയിറക്കണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ പാകത്തില്‍ നാലു കിലോമീറ്റര്‍ നീളം വരുന്ന തോട് പുനര്‍ക്രമീകരിച്ചും, കളകള്‍ നീക്കം ചെയ്തും കൃഷി സാധ്യമാക്കുന്നതിനാണ് തീരുമാനം. ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ് ആത്മപദ്ധതി, മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍, പാടശേഖര സമിതിയിലെ കര്‍ഷകര്‍, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പാശേഖരങ്ങള്‍ സമയബന്ധിതമായി കൃഷിയോഗ്യമാക്കാനാണ് ലക്ഷ്യം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്എം കുഞ്ഞമ്മദ്, കൃഷി അസി: ഡയറക്ടര്‍ എ പുഷ്പ, കൃഷി അസി: എന്‍ജിനീയര്‍ സി സുധീഷ്, കൃഷി ഓഫീസര്‍ ഡോണ കരുപ്പാളി, മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ ഫെസി ലിറ്റേറ്റര്‍ എ കെ ജനാര്‍ദ്ദനന്‍, ടി രാധാകൃഷ്ണന്‍, സി ബാലക്കുറുപ്പ് എന്നിവര്‍ ഡോ: ജയകുമാറിനെ അനുഗമിച്ചു. തുര്‍ന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, പാടശേഖര ഭാരവാഹികളുടേയും സംയുക്ത യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു അധ്യക്ഷത വഹിച്ചു.