Connect with us

Kerala

കല്ലട ജലസേചന പദ്ധതി അഴിമതി: നാല് പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

Published

|

Last Updated

തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതിയിലെ അഴിമതിക്കേസില്‍ മുന്‍ എന്‍ജിനീയര്‍മാരുള്‍പ്പെടെ നാല് പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്. കല്ലട ഇറിഗേഷനിലെ മുന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഗണേശന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിശ്വനാഥന്‍ ആചാരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ രാജഗോപാല്‍ കരാറുകാരായ കെ എന്‍ മോഹനന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികളുടെ പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.
1992-93 കാലയളവില്‍ കല്ലട പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിന്റെ നിര്‍മാണത്തിനുള്ള കരാര്‍ പൂര്‍ത്തിയാക്കിയ ശേഷം ഉപകരാറിലൂടെ 2.19 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. വ്യാജ രേഖകളും ബില്ലുകളും ചമച്ച പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് അഴിമതി അന്വേഷിച്ച വിജിലന്‍സ് കണ്ടെത്തിയിരുന്നു. കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കേസുകള്‍ കോടതികളുടെ പരിഗണനയിലുണ്ട്. ആദ്യമായാണ് പദ്ധതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്ര കടുത്ത ശിക്ഷ കോടതി വിധിക്കുന്നത്.
13.28 കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ കല്ലട ഇറിഗേഷന്‍ പദ്ധതിക്ക് ചെലവായത് എണ്ണൂറ് കോടിയിലധികം രൂപയാണ്. ക്രമക്കേടുകളുടെ കുത്തൊഴുക്കില്‍ കനാലുകള്‍ പലയിടത്തും തകര്‍ന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജലസേചനത്തിനായി 1966ലാണ് കല്ലട പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നത്. 92ല്‍ പദ്ധതി പൂര്‍ത്തിയായെന്ന് വരുത്തിയപ്പോള്‍ ചെലവായത് 714 കോടി രൂപയോളമാണ്. കൂടാതെ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണിക്ക് ആറും ഏഴും കോടി രൂപ വീതം ചെലവിടുന്നു. 61,630 ഹെക്ടര്‍ കൃഷിയിടത്തേക്ക് വെള്ളമെത്തിക്കലായിരുന്നു തുടക്കത്തിലെ ലക്ഷ്യം. പിന്നീട് ഇത് 53,514 ഹെക്ടറായി വെട്ടിച്ചെരുക്കി. കായംകുളം കനാലടക്കം ഉപേക്ഷിക്കുകയും ചെയ്തു. പദ്ധതി പൂര്‍ത്തീകരിച്ച പല സ്ഥലങ്ങളിലും കനാലുകളും മറ്റും നശിച്ച അവസ്ഥയിലാണിപ്പോഴും.

Latest