ഭിന്നശേഷിയുള്ള കുട്ടികളുടെ സാമ്പത്തിക സഹായം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം

Posted on: July 27, 2016 5:36 am | Last updated: July 27, 2016 at 12:36 am
SHARE

ചാവക്കാട്: ഭിന്ന ശേഷിയുള്ള കുട്ടികളുടെ സാമ്പത്തിക സഹായം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം വ്യാപകം. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐ ഇ ഡി സെല്ലില്‍ നിന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ലഭിച്ച ഉത്തരവ് പ്രകാരം ഭിന്ന ശേഷിയുള്ള കുട്ടികളുടെ സ്‌കോളര്‍ഷിപ്പില്‍ ചിലത് നിര്‍ത്തലാക്കുകയും, മറ്റു ചിലത് വെട്ടിക്കുറച്ച് വിതരണം ചെയ്യാനുമാണ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം വിതരണം ചെയ്യേണ്ടിയിരുന്ന സ്‌കോളര്‍ഷിപ്പുകളാണ് വളരെ വൈകി വെട്ടിക്കുറച്ച് വിതരണം ചെയ്യുന്നത്.
ബുദ്ധി, ചലന, ശ്രവണ, കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. വര്‍ഷത്തില്‍ ബുക്ക് ആന്‍ഡ് സ്റ്റേഷനറി അലവന്‍സ് 700 രൂപ, യൂനിഫോം അലവന്‍സ് 700 രൂപ, യാത്ര അലവന്‍സ് 700 രൂപ, സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പ് 600 രൂപ, ഗുരുതര ചലന വൈകല്യം ഉള്ളവര്‍ക്കും, ബുദ്ധിപരമായ വൈകല്യമുള്ളവര്‍ക്കും എസ്‌കോട്ടിംഗ് അലവന്‍സ് 850 രൂപ, കാഴ്ച വൈകല്യമുള്ളവര്‍ക്ക് റീഡേഴ്‌സ് അലവന്‍സ് 750 രൂപ, ഭിന്ന ശേഷിയുള്ള പെണ്‍കുട്ടികള്‍ക്ക് 2000 രൂപ എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് നല്‍കി വരാറുള്ളത്.
എന്നാല്‍, ഈ വര്‍ഷം ബുക്ക് ആന്‍ഡ് സ്റ്റേഷനറി, യുനിഫോം അലവന്‍സായി 500 രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് പൂര്‍ണമായും നിര്‍ത്തലാക്കി. യാത്ര അലവന്‍സില്‍നിന്ന് 100 രൂപയും, എസ്‌കോട്ടിംഗ് അലവന്‍സില്‍ നിന്നും റീഡേഴ്‌സ് അലവന്‍സില്‍ നിന്നും 150 രൂപ വീതവും കുറച്ച് വിതരണം ചെയ്യാനാണ് ഐ ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്. ശരാശരി ഭിന്ന ശേഷിയുള്ള ഒരു ആണ്‍കുട്ടിക്ക് 3550 രൂപ കിട്ടേണ്ടിടത്ത് 1800 രൂപയും പെണ്‍കുട്ടിക്ക് 5550 രൂപ കിട്ടേണ്ടിടത്ത് 3800 രൂപയും മാത്രമേ ലഭിക്കുകയുള്ളൂ. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സഹിതം കഴിഞ്ഞ വര്‍ഷമാണ് സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയത്. സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറക്കാന്‍ കാരണം ഐ ഇ ഡി സെല്ലിന്റെ അനാസ്ഥയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഭിന്ന ശേഷിയുള്ള കുട്ടികളുടെ മരുന്നിനും പഠനത്തിനുമായി വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന രക്ഷിതാക്കള്‍ക്ക് ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ ആശ്വാസമാണ്. ഇത് വെട്ടിക്കുറച്ചതിലുള്ള ആശങ്കയിലാണിവര്‍.
അതേസമയം, രക്ഷിതാക്കള്‍ക്കായുള്ള ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ശമ്പളത്തിന് പുറമെ ആയിരങ്ങളാണ് ടി എ, ഡി എ ഇനത്തില്‍ എഴുതിയെടുക്കുന്നത്. കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് ഫെഡറേഷനും ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളും വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി. ഭിന്ന ശേഷിയുള്ള കുട്ടികളുടെ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിന് ഐ ഇ ഡി സെല്ലില്‍ നിന്ന് പണം നല്‍കാത്തതിനാല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ഭിന്ന ശേഷിയുള്ള കുട്ടികളുടെ എസ് എസ് എല്‍ സി ഉള്‍പ്പെടെയുള്ള പരീക്ഷകളേയും റിസോഴ്‌സ് അധ്യാപകരുടെ നിയമനത്തെയും ബാധിച്ചേക്കും.
ഐ ഇ ഡി സെല്ലിനെതിരേ വ്യാപക പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.