യു പി തിരഞ്ഞെടുപ്പിനില്ലെന്ന് ലാലു; മത്സരിക്കുമെന്ന് നിതീഷ്

Posted on: July 27, 2016 5:33 am | Last updated: July 27, 2016 at 12:34 am
SHARE

ഗോപാല്‍ഗഞ്ച്: അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡി മത്സരിക്കില്ലെന്ന് പാര്‍ട്ടി പ്രസിഡന്റും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ഉത്തര്‍ പ്രദേശില്‍ ബി ജെ പിക്കെതിരെ മത്സരിക്കുന്ന മതേതര ശക്തികളുടെ വോട്ടില്‍ വിള്ളലുണ്ടാക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അവിടുത്തെ ഭരണകക്ഷിയായ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടും ലാലു പ്രതികരിച്ചു. മുലായം സിംഗ് യാദവ് തന്റെ ബന്ധുവാണ്. അതുകൊണ്ട് തീര്‍ച്ചയായും അദ്ദേഹത്തിന് വേണ്ടി പ്രത്യേക ശ്രദ്ധയുണ്ടാകും- ലാലു പ്രതികരിച്ചു. മുലായം സിംഗിന്റെ കുടുംബത്തില്‍ നിന്നാണ് ലാലുവിന്റെ ഇളയ മകള്‍ വിവാഹം ചെയ്തത്.
അതേസമയം, യു പി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ബീഹാറില്‍ ആര്‍ ജെ ഡിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായ ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ വ്യക്തമാക്കി. മായാവതിയുടെ ബി എസ് പിയില്‍ നിന്ന് പുറത്തുവന്നവരുമായി സഖ്യമുണ്ടാക്കി മത്സരരംഗത്ത് സജീവമാകാനാണ് ജെ ഡി യുവിന്റെ തീരുമാനം.