പാരമ്പര്യത്തിന്റെ പേരില്‍ ജെല്ലിക്കെട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

Posted on: July 27, 2016 6:00 am | Last updated: July 27, 2016 at 12:28 am
SHARE

supreme court1ന്യൂഡല്‍ഹി: പാരമ്പര്യത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കായിക വിനോദമാണെന്ന പേരില്‍ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധം എടുത്തുകളയാനാകില്ലെന്നും, ഭരണഘടനാവിരുദ്ധമെന്ന് തോന്നിയാല്‍ ജെല്ലിക്കെട്ട് ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ നിരോധിക്കുകയേ നിര്‍വ്വാഹമുള്ളുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജെല്ലിക്കെട്ടിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിരോധം എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജെല്ലിക്കെട്ട് മത്സരങ്ങള്‍ നിരോധിക്കുന്നത് സംബന്ധിച്ച അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി ആഗസ്റ്റ് 30ലേക്ക് മാറ്റിവെച്ചു.
ജെല്ലിക്കെട്ടിന് തമിഴ്‌നാട്ടില്‍ 5000 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും സംസ്ഥാനത്തിന്റെ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായി ഈ വിനോദം മാറിയെന്നും കോടതിയില്‍ വാദിച്ച തമിഴ്‌നാട് ജെല്ലിക്കെട്ട് നിരോധിക്കുന്നത് സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന് കോട്ടം തട്ടുന്നതാണെന്നും അവകാശവാദമുന്നയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയാണ് സുപ്രീംകോടതി സംസ്ഥാനത്തെ വിമര്‍ശിച്ചത്. ഈ ന്യായവാദം വെച്ച് വളരെ നൂറ്റാണ്ടുകളായുള്ള സമ്പ്രദായമായ ശൈശവ വിവാഹം കോടതികള്‍ അനുവദിക്കേണ്ട ിവരില്ലെയെന്നും സുപ്രീംകോടതി ചോദിച്ചു. പാരമ്പര്യം പറഞ്ഞ് ആചാരങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി തമിഴ്‌നാട് വാദത്തോട് ശക്തിയായാണ് പ്രതികരിച്ചത്.
എന്നാല്‍ കാളകള്‍ കൊല്ലപ്പെടുന്ന കാളപ്പോര് ഇപ്പോഴും സ്‌പെയിനില്‍ തുടരുന്നുണ്ട്. അത്തരം അപകടങ്ങളൊന്നുമില്ലാത്ത, കേവലം കായികയിനം മാത്രമായ ജെല്ലിക്കെട്ടിന് നിരോധമെന്തിനാണെന്നും തമിഴ്‌നാട് ഹര്‍ജിയില്‍ ചോദിക്കുന്നു. കേസ് വിശാലമായ ഭരണഘടാനാ ബഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞു. ജല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യത്തില്‍ പ്രാഥമിക വാദങ്ങള്‍ക്കുശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. 2014 മെയിലാണ് സുപ്രീംകോടതി ജെല്ലിക്കെട്ടുള്‍പ്പെടെ കാലികളെ ഉപയോഗിച്ചുള്ള കായികവിനോദങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്.
തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളിലെ മുഖ്യ ഇനങ്ങളിലൊന്നായ ജെല്ലിക്കെട്ടിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും സുപ്രീംകോടതി ഇത് തടഞ്ഞിരുന്നു. സംസ്ഥാനങ്ങളോട് ഈ വിഷയത്തില്‍ നാല് ആഴ്ചക്കകം തങ്ങളുടെ പ്രതികരണങ്ങള്‍ ഫയല്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.