Connect with us

National

ജി എസ് ടി ബില്‍ സാധാരണക്കാരന്റെ നികുതിഭാരം കുറക്കും: ഐസക്

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് പാസ്സാക്കാനിരിക്കുന്ന ചരക്കു സേവന നികുതി ബില്‍ സാധാരണക്കാരന്റെ നികുതിഭാരം കുറക്കുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്. ബില്‍ സംബന്ധിച്ച ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തമ്മില്‍ വിവിധ വിഷയങ്ങളില്‍ സമവായത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.
ചരക്കു സേവന നികുതി ബില്ലിനെ കുറിച്ച് ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്‍മാനായ പശ്ചിമ ബംഗാള്‍ ധനമന്ത്രി ഡോ. അമിത് മിത്രയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
സാധാരണക്കാരന്റൈ നികുതിഭാരം കുറയുന്നതോടൊപ്പം സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ധിപ്പിച്ചും നികുതി നിരക്ക് ഈടാക്കണമെന്നാണ് സംസ്ഥാനങ്ങള്‍ തമ്മില്‍ തത്വത്തില്‍ ധാരണയായിരിക്കുന്നത്. എന്നാല്‍ നിരക്ക് എത്രയായിരിക്കണമെന്ന് തുടര്‍ന്നുള്ള ചര്‍ച്ചകളിലേ തീരുമാനിക്കാനാവൂ. സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ഉപഭോക്തൃ കേന്ദ്രത്തില്‍ നികുതി പിരിക്കണമെന്ന ആവശ്യത്തിലും സംസ്ഥാനങ്ങള്‍ തമ്മില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞത് കേരളത്തിന് ഏറെ പ്രയോജനകരമാകും.
നിലവില്‍ ഒരു ഉത്പന്നത്തിന്മേല്‍ ഉപഭോക്താവ് പലവിധ നികുതികള്‍ നല്‍കേണ്ട അവസ്ഥയില്‍ നിന്ന് സാധാരണക്കാരന്‍ ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെ നികുതി കുറച്ച് നികുതിഭാരം താഴ്ത്തുകയാണ് ജി എസ് ടിയുടെ ലക്ഷ്യം.

Latest