Connect with us

Kerala

യാത്ര ചെയ്യാന്‍ ഇനി സ്മാര്‍ട്ട് കാര്‍ഡ് മതിയാകും

Published

|

Last Updated

കണ്ണൂര്‍: മുന്‍കൂര്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന കാര്‍ഡുകള്‍ കൊണ്ട് യാത്രചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം കെ എസ് ആര്‍ ടി സി യിലും നടപ്പാക്കുന്നു. ജി പി ആര്‍ എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധപ്പെടുത്തിയാണ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ ബസ് ഗതാഗതത്തിന് ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം സംസ്ഥാനതല പൊതുഗതാഗത മേഖലയില്‍ ആദ്യമായാണ് നടപ്പാക്കുന്നത്.
പത്ത് രൂപ നല്‍കി ബാങ്ക് ഡെബിറ്റ് കാര്‍ഡ് രൂപത്തിലുളള സ്മാര്‍ട്ട് കാര്‍ഡ് വാങ്ങി ബാങ്ക് അക്കൗണ്ടിലെ ഓണ്‍ലൈന്‍ വഴിയോ, കണ്ടക്ടറുടെ കൈയില്‍ പണം നല്‍കിയോ എത്രപണം വേണമെങ്കിലും നിക്ഷേപിക്കാവുന്ന രീതിയിലാണ് സംവിധാനം. പ്രാബല്യത്തില്‍ വന്നാല്‍ ടിക്കറ്റ് എടുക്കുമ്പോള്‍ പണത്തിന് പകരം കാര്‍ഡ് നല്‍കിയാല്‍ മതിയാകും. കണ്ടക്ടറുടെ കൈയിലെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് ഉരച്ചാല്‍ ടിക്കറ്റ് ചാര്‍ജ്ജ് തുക കുറയും. ബാക്കി പണം കാര്‍ഡില്‍ തന്നെ ഉണ്ടാകും. എ ടി എം കാര്‍ഡിന്റെ രൂപവും ഭാവവുമുള്ള കാര്‍ഡ് റീചാര്‍ജ് ചെയ്യാനും ബസില്‍ സംവിധാനം ഒരുക്കും. ബസ് യാത്രക്കിടയിലെ ചില്ലറ പ്രശ്‌നത്തിനും പരിഹാരമാവും.
കെ എസ് ആര്‍ ടി സിയുടെ അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് മുതല്‍ ഓര്‍ഡിനറി ബസില്‍ വരെ ഇത് ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്. കാര്‍ഡില്‍ പണമില്ലെങ്കിലും കൈയില്‍ പണം അല്‍പം കുറവാണെങ്കിലും ടിക്കറ്റ് കിട്ടും. പിന്നീട് റീചാര്‍ജ് ചെയ്യുമ്പോള്‍ ആ പണം കുറച്ചായിരിക്കും സ്മാര്‍ട്ട് കാര്‍ഡ് അക്കൗണ്ടില്‍ ചേര്‍ക്കുകയെന്ന പ്രത്യേകതയുമുണ്ട്. സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിക്ക് രണ്ട് വര്‍ഷം മുന്‍പ് അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടക്കം കുറിച്ചെങ്കിലും അത് സമ്പൂര്‍ണമാക്കാനായില്ല. ഇപ്പോള്‍ വീണ്ടും സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയെന്ന ആശയം കാര്യക്ഷമമായി നടപ്പാക്കാനാണ് തീരുമാനം. കെല്‍ട്രോണാണ് ഇതിനുവേണ്ട സജ്ജീകരണങ്ങളൊരുക്കുന്നത്. അതേ സമയം കെ എസ് ആര്‍ ടി സി യുടെ ദീര്‍ഘദൂര ബസുകളുടെ യാത്രാവിവരം അറിയാനുള്ള ജി പി എസ് സംവിധാനം കൂടുതല്‍ ബസുകളിലേര്‍പ്പെടുത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിലേക്ക് വരുന്ന ബസുകളുടെ വിവരം മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ അറിയാന്‍ ഇതിലൂടെ കഴിയും. മൂന്ന് മാസത്തിനുള്ളിലാണ് ഇത് പൂര്‍ണസജ്ജമാകുക. 750ല്‍ പരം ബസുകളില്‍ ഇതിനകം ജി പി എസ് ഘടിപ്പിച്ചിട്ടുണ്ട്. എസ് എം എസിലൂടെയും ബസുകള്‍ എവിടെ എത്തിയെന്ന വിവരം ലഭിക്കും. ബസ് കാത്ത് ഡിപ്പോകളില്‍ നില്‍ക്കേണ്ട അവസ്ഥ ഇതു വഴി ഒഴിവാക്കാനാകും. പ്രതീക്ഷിക്കുന്ന ബസ് എത്രസമയത്തിനുള്ളില്‍ ഡിപ്പോയില്‍ എത്തുമെന്നും മനസ്സിലാക്കാം. കെ എസ് ആര്‍ ടി സി യുടെ എല്ലാ ബസുകളിലും ഈ സംവിധാനമൊരുക്കാനാണ് ആലോചിക്കുന്നത്.
ഡിപ്പോകളില്‍ എത്തുന്ന ബസുകളുടെ വിവരം ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കന്നതു വഴി ഇവയിലെ പരസ്യത്തിലൂടെ കോടികളുടെ വരുമാനവും കെ എസ് ആര്‍ ടി സി പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ 24 ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടപ്പാനുള്ള സംവിധാനവും കെ എസ് ആര്‍ ടി സി തുടങ്ങിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest