Connect with us

Gulf

വീട്ടുവേലക്കാരി മരിച്ച സംഭവത്തില്‍ ഫലസ്തീന്‍ പൗരന് എട്ടു വര്‍ഷം തടവുശിക്ഷ

Published

|

Last Updated

ദോഹ: വീട്ടു ജോലിക്കാരി ശരിയായ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ ഫലസ്തീന്‍ പൗരന് എട്ടു വര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ ദിയാധനം നല്‍കാനും ശിക്ഷ. മനുഷ്യക്കടത്തു കൂടി ചുമത്തപ്പെട്ട കേസിലാണ് കോടതിയുടെ ശിക്ഷ. ജോലിക്കാരിയെ രാജ്യത്തു കൊണ്ടു വരികയും ജോലിക്കു നിര്‍ത്തുകയും ചെയ്തയാളാണ് പ്രതി.
വേലക്കാരി മരിക്കാനിടയായ കേസില്‍ ഒരു വര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ റിയാല്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് ദിയാധനം (ചോരപ്പണം) നല്‍കാനുമാണ് അപ്പീല്‍ കോടതി ശിക്ഷിച്ചത്. എന്നാല്‍ മനുഷ്യക്കടത്ത് കേസില്‍ ഏഴു വര്‍ഷം തടവും രണ്ടര ലക്ഷം റിയാല്‍ പിഴയും കോടതി ശിക്ഷ വിധിച്ചതായി അല്‍ റായ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. ശിക്ഷാകാലാവധിക്കു ശേഷം പ്രതിയെ നാടുകടത്തും. മരിച്ച വേലക്കാരിയെ നേരത്തേ ജോലിക്കു നിര്‍ത്തിയ ജി സി സി സ്വദേശിയായ സ്ത്രീയെ കോടതി വെറുതെ വിട്ടു. പ്രതി മുഖേനയാണ് ഗള്‍ഫ് വനിത വേലക്കാരിയെ ജോലിക്കായി സ്വീകരിച്ചത്. ജോലിക്കാരിയുടെ രേഖകള്‍ അവര്‍ ആവശ്യപ്പെട്ടുവെങ്കിലും വിസ നടപടിക്രമങ്ങള്‍ നടന്നു വരികയാണെന്നും പൂര്‍ത്തിയായ ശേഷം തരാമെന്ന് പ്രതി അറിയിക്കുകയായിരുന്നു. എന്നാല്‍ ശ്വാസംമുട്ട് രോഗം മൂലം വേലക്കാരി പ്രയാസപ്പെടുന്ന കാര്യം സ്ത്രീ ഫലസ്തീനിയെ അറിയിച്ചുവെങ്കിലും അത് ജലദോഷത്തിന്റെ പ്രശ്‌നമാണെന്നും കാര്യമാക്കേണ്ടെന്നും അറിയിച്ചു. ഒരു ദിവസം രാത്രി നിര്‍ത്താതെ ചുമക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തപ്പോള്‍ അവര്‍ ഫലസ്തീനിയെ വിളിച്ചു. എന്നാല്‍ അയാള്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് ജോലിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രേഖകള്‍ കൈവശമില്ലാത്ത സ്ത്രീക്ക് ചികിത്സ നല്‍കാന്‍ അശുപത്രി അധികൃതര്‍ തയാറായില്ല. അടുത്ത ദിവസം സ്ഥലത്തെത്തിയ പ്രതി ജോലിക്കാരിയെ ചികിത്സ നല്‍കാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് ജോലിക്കാരിയെ വീണ്ടും വീട്ടില്‍ കൊണ്ടുവന്നു. എന്നാല്‍ ഓരോദിവസവും ആരോഗ്യപരമായി ക്ഷീണിച്ച അവരെ കൊണ്ടുപോകാന്‍ സ്ത്രീ ആവശ്യപ്പെടുകയായിരുന്നു. വേലക്കാരിയെയും കൊണ്ട് രണ്ടു മണിക്കൂറോളം വാഹനത്തില്‍ കറങ്ങുന്നതിനിടെ അവര്‍ മരണപ്പെടുകയായിരുന്നു. ശേഷം അയാളുടെ വീട്ടിലേക്കു കൊണ്ടുപോയി മറ്റൊരു ഒളിച്ചോടിയ വീട്ടുജോലിക്കാരിയുടെ സാഹയത്തോടെ മൃതദേഹത്തില്‍ നിന്നും വിരലടയാളം നീക്കം ചെയ്യാന്‍ ശ്രമിച്ചു. ശേഷം മൃതദേഹം ഒരു കെട്ടിടത്തിന്റെ പാര്‍കിംഗില്‍ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തില്‍ താമസിക്കുന്ന ഡോക്ടര്‍ മൃതദേഹം കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഫലസ്തീനി പിടിയിലായത്. ഒളിച്ചോടുന്ന വീട്ടുജോലിക്കാരെ വില്‍പ്പന നടത്തി പണമുണ്ടാക്കി വരികയായിരുന്നു ഇയാള്‍.