വേനല്‍ചൂടും ഈര്‍പ്പവും ഉയരുമ്പോള്‍ കുട്ടികളെ ശ്രദ്ധിക്കണമെന്ന് എച്ച് എം സി

Posted on: July 26, 2016 9:36 pm | Last updated: July 26, 2016 at 9:36 pm
SHARE

Heat_Fotolia_41930179_XSദോഹ: വേനല്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും ഉയരുന്നതിനിടെ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടു. ഒഴിവു കാലമായതിനാല്‍ കുട്ടികള്‍ക്ക് കടുത്ത ചൂടേല്‍ക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.
കുട്ടികളെ പരമാവധി ഈ സമയങ്ങളില്‍ പുറത്തു വിടരുതെന്നും എയര്‍ കണ്ടീഷന്‍ ചെയ്ത സാഹചര്യങ്ങളിലോ വെയിലേല്‍ക്കാത്ത ഇടങ്ങളിലോ അവരെ സംരക്ഷിക്കണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പീഡിയാട്രിക് എമര്‍ജന്‍സി സര്‍വിസ് ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ അന്‍സാരി നിര്‍ദേശിച്ചു. നിര്‍ത്തിയിട്ട കാറുകളില്‍ കുട്ടികളെ ഒറ്റക്കിരുത്തി പോകരുത്. പുറത്തെ ചൂടില്‍ പത്തു മിനിറ്റ് കാര്‍ നിര്‍ത്തിയിടുകയാണെങ്കില്‍ ഉള്ളിലെ താപനില പത്തു ഡിഗ്രി ഉയരുമെന്നും ഇത് സൂര്യാഘാതത്തിനോ കുട്ടികളുടെ ജീവനു തന്നെയോ ഭീഷണി സൃഷ്ടിച്ചേക്കും. എ സി പ്രവര്‍ത്തിക്കുന്ന കാറില്‍ കുട്ടികളെ ഇരുത്തി പോകുന്നതും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുന്നതു വഴിയുള്ള ആരോഗ്യ പ്രശ്‌നത്തിനു കാരണമാകും.
ഇപ്പോഴത്തെ കാലാവസ്ഥയില്‍ ചൂടിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കു കഴിയില്ലെന്നും നാലു വയസല്‍ താഴെയുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ. അന്‍സാരി നിര്‍ദേശിച്ചു. തലചുറ്റല്‍, തളര്‍ച്ച, മസില്‍ വലിവ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, വര്‍ധിക്കുന്ന നാഡിമിടിപ്പ് എന്നിവ ഉഷ്ണ രോഗങ്ങളുടെ ലക്ഷണമായി കാണാം.
ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ എയര്‍ കണ്ടീഷന്‍ റൂമിലേക്കു മാറ്റണമെന്നും ശേഷം ധാരാളം തണുത്ത വെള്ളം കുടിക്കാന്‍ കൊടുക്കണമെന്നും എച്ച് എം സി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ഇടുങ്ങിയ വസ്ത്രങ്ങള്‍ മാറ്റാം. ചുടുകൊണ്ടുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ സൂര്യാഘാത പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ബോധം നശിക്കുകയോ തളര്‍ന്നുപോവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളുണ്ടായാല്‍ 999 നമ്പറില്‍ സഹായത്തിനു വിളിക്കാമെന്നും എച്ച് എം സി അധികൃതര്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ രാജ്യത്ത് ചൂട് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. എന്നാല്‍ ഇറാഖിലോ കുവൈത്തിലോ അനുഭവപ്പെട്ട അത്യുഷ്ണം ഖത്വറില്‍ അനുഭവപ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ മാസത്തെ ഉയര്‍ന്ന താപനില 46 ഡിഗ്രി സെല്‍ഷ്യല്‍ ആയിരിക്കുമെങ്കിലും വരും ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം (എം ഇ ടി) അറിയിച്ചു. പരമാവധി 48 ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കും. എന്നാല്‍ പിന്നീട് നേരിയ കുറവുണ്ടാകാനാണ് സാധ്യത.