ഡ്രൈവര്‍മാരുടെ മൊബൈല്‍ മാനിയക്ക് മൊബിലിറ്റി ഇന്നവേഷന്‍ സെന്ററിന്റെ ആപ്പ്

Posted on: July 26, 2016 9:23 pm | Last updated: July 26, 2016 at 9:23 pm
SHARE

ദോഹ: വാഹനമോടിച്ചു കൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ ഉഫയോഗിക്കുന്ന ശീലം നിയന്ത്രിക്കാന്‍ ആപ്ലിക്കേഷനുമായി ഖത്വര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്റര്‍. വാഹനമോടിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷക്കു സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കുന്നതിന് സെന്റര്‍ തയാറെടുക്കുന്നതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തികളെക്കാള്‍ സംരംഭകരെ ലക്ഷ്യം വെച്ചാണ് ആപ്പ് വികസിപ്പിക്കുന്നതെന്നും സംരംഭകര്‍ക്ക് ആപ്പ് ഉപയോഗിക്കുകയും ഡ്രൈവര്‍മാരെ പിന്തുടരുകയും ചെയ്യാമെന്നും സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അദ്‌നാന്‍ അബു ദായ പറഞ്ഞു. 2014 മുതല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി പരിശ്രമിച്ചു വരികയാണ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മറി കടക്കുകയാണ് ലക്ഷ്യം. ഡ്രൈവര്‍ വാഹനം ഓടിക്കുന്നുണ്ടോ ഇല്ലേ എന്നു കണ്ടെത്തുകയും ഓടിക്കുന്നുവെങ്കില്‍ അതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണ് ആപ്പിന്റെ ദൗത്യം. വാഹനത്തിന്റെ വേഗത സെറ്റ് ചെയ്തു വെക്കാന്‍ സാധിക്കും. വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതു കണ്ടെത്തിയാല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നതാണ് സംവിധാനം.
വാഹനം ഓടിച്ചു കൊണ്ടിരിക്കേ വിളി വന്നാല്‍ വിളിക്കുന്നയാള്‍ക്ക് ഡ്രൈവിംഗിലാണെന്നും പിന്നീട് വിളിക്കാമെന്നും സന്ദേശം പോകും. ഈ സമയം ഫോണ്‍ എടുക്കാനും സാധിക്കില്ല. വാഹനമോടിച്ചുകൊണ്ടിരിക്കേ ഒരാള്‍ക്ക് ഫോണ്‍ വിളിക്കുകയോ സന്ദേശം അയക്കുയോ വേണ്ടതുണ്ടെങ്കിലും സാധ്യമല്ല. നേരത്തേ വ്യക്തികള്‍ക്കു വേണ്ടി ആരംഭിച്ച ആപ്പ് ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ സ്വമേധയാ സന്നദ്ധമായില്ല. തുടര്‍ന്നാണ് കമ്പനികളെ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. കമ്പനി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് തടയാന്‍ ഇതുവഴി സാധിക്കും. കൂടുതല്‍ വാഹനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് ഒരേസമയം ഡ്രൈവര്‍മാരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താന്‍ ഇതുവഴി സാധിക്കുന്നു. കമ്പനികള്‍ക്ക് റിമോട്ടിലിരുന്ന് ആപ്പ് നിയന്ത്രിക്കാനും സാധിക്കും.
ആപ്പ് ഉപയോഗിച്ച് കമ്പനികള്‍ക്ക് തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വാഹനം ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്താന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവുന്ന സമയയവും ഉപയോഗിക്കേണ്ടതില്ലാത്ത സമയവും മാനേജര്‍മാര്‍ക്ക് തീരുമാനിക്കാന്‍ കഴിയും. ജീവനക്കാര്‍ നിയമം ലംഘിക്കുന്നത് കണ്ടെത്താനും കഴിയും. കമ്പനികള്‍ ഈ ആപ്പ് ഉപോഗിക്കുകയാണെങ്കില്‍ ഗതാഗത നിയമലംഘനം വലിയൊരു അളവില്‍ ഇല്ലാതാക്കാനും ഇത് അപകടങ്ങളെയും അപായങ്ങളെയും കുറക്കാനും സാധിക്കും. മൊബൈല്‍ ഉപയോഗത്തെത്തുടര്‍ന്നുള്ള വാഹനാപകടങ്ങള്‍ രാജ്യത്ത് വര്‍ധിച്ചിരിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.