ഹൈക്കോടതിയില്‍ മാധ്യമ നിയന്ത്രണം; ജഡ്ജിമാരുടെ ചേംബറില്‍ കയറുന്നതിന് വിലക്ക്

Posted on: July 26, 2016 9:14 pm | Last updated: July 26, 2016 at 9:15 pm
SHARE

Kearal-High-Court.jpg.image.784.410കൊച്ചി: അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ കോടതി റിപ്പോര്‍ട്ടിംഗില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ന്യായാധിപന്‍മാരുടെ നീക്കം. ഹൈക്കോടതിയിലെ ന്യായാധിപന്മാരുടെ ചേമ്പറുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് വിലക്കി. വാര്‍ത്ത ശേഖരിക്കാന്‍ ന്യായാധിപന്മാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും സമീപക്കരുതെന്നും നിര്‍ദേശമുണ്ട്. പബ്ലിക് റിലേഷന ഓഫീസറാണ് ഫോണ്‍ മുഖേന എറണാകുളം പ്രസ് ക്ലബ് ഭാരവാഹികളെ ഇക്കാര്യം അറിയിച്ചത്്.

ഹൈക്കോടതിയിലെ മീഡിയ റൂം അടച്ചുപൂട്ടിയതിനു പിന്നാലെയാണ് കടുത്ത നടപടികള്‍ തുടരുന്നത്. കോടതി മുറിക്കുള്ളില്‍ വായിക്കുന്ന വിധി പലപ്പൊഴും ലേഖകര്‍ക്ക് പൂര്‍ണമായി മനസിലാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കോടതി റിപ്പോര്‍ട്ടര്‍മാര്‍ സാധാരണ ഗതിയില്‍ ജസ്റ്റീസുമാരുടെ ചേമ്പറില്‍ നിന്നോ പ്രൈവറ്റ് സെക്രട്ടറിമാരുടെ പക്കല്‍ നിന്നോ വിധി പകര്‍പ്പ് നോക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഹൈക്കോടതി ഇതിനും നിയന്ത്രണം ഏര്‍പെടുത്തിയതോടെ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവസരം നഷ്ടമാകും.

അതിനിടെ ഹൈക്കോടതിക്ക് 200 മീറ്റര്‍ ചുറ്റളില്‍ പ്രകടനങ്ങള്‍ക്കും മറ്റും നിരോധനം ഏര്‍പ്പെടുത്തിയത് സംസ്ഥാനത്തെ മുഴുവന്‍ കോടതികള്‍ക്കും ബാധകമാക്കുകയും ചെയ്തു. ഹൈക്കോടതി വളപ്പില്‍ കയറുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുവിഭാഗം അഭിഭാഷകര്‍ നല്‍കിയ അപ്രഖ്യാപിത വിലക്ക് തുടരുകയാണ്. ഗവണ്‍മെന്റ് പ്ലീഡര്‍ വഴിയില്‍ സ്ത്രീയെ കടന്നുപിടിച്ചതു റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് ഈ നിയന്ത്രണങ്ങളിലേക്ക് എത്തിച്ചത്.