മികവ് പുലര്‍ത്താത്ത കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പള വര്‍ധനയില്ല

>>ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം >>ആഗസ്റ്റില്‍ പുതുക്കിയ ശമ്പളം
Posted on: July 26, 2016 8:26 pm | Last updated: July 27, 2016 at 10:18 am
SHARE

moneyന്യൂഡല്‍ഹി: ജോലിയില്‍ മികവു പുലര്‍ത്താത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ അടങ്ങുന്ന ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍കള്‍ അംഗീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വേതന വര്‍ധനവിനുള്ള ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് ഇന്നലെ പുറത്തിറക്കിയത്. ജോലിയില്‍ മികവുപുലര്‍ത്താത്ത ജീവനക്കാര്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും ഉള്‍പ്പെടെയുള്ള ആനുകൂല്യള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം പരിമിതപ്പെടുത്തണമെന്നാണ് തീരുമാനം. പെര്‍ഫോമന്‍സ് അപ്രൈസലില്‍ വെരി ഗുഡ് മാര്‍ക്ക് ലഭിച്ചവരെ മാത്രമേ പ്രമോഷനും ശമ്പള വര്‍ധനവിനും പരിഗണിക്കൂ. നേരത്തേ ഇതിന് ഗുഡ് എന്ന മാര്‍ക്കായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍, പുതിയ തീരുമാനത്തിലൂടെ ജോലിയില്‍ കയറി ഇത്ര വര്‍ഷത്തിനുള്ളില്‍ നിബന്ധന അനുസരിച്ചുള്ള പ്രവര്‍ത്തനശേഷി നേടാത്ത ജീവനക്കാരുടെ ശമ്പളത്തിലെ വാര്‍ഷിക വര്‍ധനയും സ്ഥാനക്കയറ്റവും തടഞ്ഞുവെക്കണമെന്ന കമ്മീഷന്‍ ശിപാര്‍ശയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
വിജ്ഞാപനം പുറത്തിറങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്റ്റ് മുതല്‍ ഏഴാം ശമ്പളക്കമ്മിഷന്‍ ശിപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളം ലഭിക്കും. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് ശമ്പള വര്‍ധനവ് നടപ്പാക്കുന്നത്.
കുടിശ്ശിക തുകയും താമസിക്കാതെ ലഭിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളവര്‍ധനയുടെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. പുതുക്കിയ ശമ്പള പരിഷ്‌കരണം അനുസരിച്ച് കുറഞ്ഞ ശമ്പളം 18,000 രൂപയും ഉയര്‍ന്നത് 2.5 ലക്ഷം രൂപയുമാണ്. 47 ലക്ഷം ജീവനക്കാര്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
ജീവനക്കാരില്‍ 12.5 ലക്ഷം സൈനികരും 13.3 ലക്ഷം റെയില്‍വേ ജീവനക്കാരും 10.75 ലക്ഷം പോലീസുകാരും ഉള്‍പ്പെടും. നേരത്തെ ആറാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ ചെയ്ത കുറഞ്ഞ ശമ്പളം ഏഴായിരം രൂപയും കൂടിയ ശമ്പളം 90,000 രൂപയുമായിരുന്നു. എന്നാല്‍ ഏഴാം കമ്മീഷന്‍ കൂടിയ ശമ്പളം 2.5 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. കേന്ദ്ര ജീവനക്കാര്‍ക്ക് 23.6 ശതമാനം വര്‍ധന ലഭിക്കുന്നതാണ് ശമ്പള പരിഷ്‌കരണം. ശമ്പള കമ്മീഷന്‍ ശിപാര്‍ശ അംഗീകരിച്ചതോടെ 1.02 ലക്ഷം കോടി രൂപയുടെ അധിക ചെലവ് വരുമെന്നാണ് കരുതുന്നത്.