ഖത്വര്‍ മാള്‍ തുറക്കാന്‍ ഇനി 95 ദിവസങ്ങള്‍ മാത്രം

Posted on: July 26, 2016 7:51 pm | Last updated: July 29, 2016 at 8:42 pm
SHARE
mall of qatar
ഖത്വര്‍ മാളിന്റെ നൂറുദിന കൗണ്ട് ഡൗണ്‍ കഴിഞ്ഞ വ്യാഴാഴ്ച ആഘോഷിച്ചപ്പോള്‍

ദോഹ: രാജ്യത്തിന്റെ വിനോദ- വ്യാപാര മേഖലക്ക് പുതിയ മുഖം നല്‍കുന്ന മാള്‍ ഓഫ് ഖത്വര്‍ യാഥാര്‍ഥ്യമാകുന്നതിന് ഇനി 95 ദിവസങ്ങള്‍ മാത്രം. കഴിഞ്ഞ വ്യാഴാഴ്ച ഖത്വര്‍ മാള്‍ അധികൃതര്‍ 100 ദിന ആഘോഷം നടത്തിയിരുന്നു.
ഖത്വര്‍ മാളിന്റെ പരിസരം സന്ദര്‍ശിച്ചാല്‍ അത്ഭുതപ്പെടുമെന്ന് ജനറല്‍ മാനേജര്‍ റോണി മൗറാണി പറയുന്നു. നൂറ് ദിവസങ്ങള്‍ കാത്തിരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് മാനേജിംഗ് ഡയറക്ടര്‍ ഷെം ക്രേയുടെ വാക്കുകള്‍. മാളില്‍ ഷോപ്പുകള്‍ ഏറ്റെടുത്തവരും ആവേശത്തോടെയും ജിജ്ഞാസയോടെയുമാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. ഷോപ്പിംഗ് അനുഭവത്തില്‍ നാടകീയ വ്യത്യാസം ഉണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുന്നു. ലോകത്തിലെ ആദ്യ റസിഡന്റ് ട്രൂപ്പിന്റെ കലാപരിപാടികള്‍ ആണ് സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുക. 360 ഡിഗ്രിയിലുള്ള മള്‍ട്ടി ലിഫ്റ്റ് റൊട്ടേറ്റിംഗ് സ്റ്റേജില്‍ നടക്കുന്ന തിയേറ്ററിക്കല്‍ ശബ്ദ, വെളിച്ച ക്രമീകരണങ്ങളോട് കൂടിയ തത്സമയ വിനോദ പരിപാടികള്‍ മാസ്മരിക അനുഭവമാകും. ആനിമേഷന്‍ രൂപത്തിലുള്ള വിവിധ ജല രൂപങ്ങളും ഉണ്ടാകും. വര്‍ഷം 20 മില്യന്‍ പേര്‍ക്ക് സൗകര്യമുള്ള മാളില്‍ 100 എഫ് ആന്‍ഡ് ബി റസ്റ്റോറന്റുകള്‍ അടക്കം 500 ഷോപ്പുകളും അണ്ടര്‍ ഗ്രൗണ്ടിലും മേലെയുമായി ഏഴായിരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാകും.
ഫോര്‍ ഡി സൗകര്യമുള്ള 19 സിനിമാ സ്‌ക്രീനുകള്‍ ഉണ്ടാകും. 16500 ചതുരശ്ര മീറ്ററില്‍ കുടുംബ വിനോദ സമുച്ഛയം പ്രത്യേകതയാണ്. ഒരു ഫൈവ്സ്റ്റാര്‍ ആഡംബര ഹോട്ടലുമുണ്ടാകും.