വനിതാ മാധ്യമപ്രവർത്തകരുടെ പ്രശ്‌നം വനിത കമ്മീഷൻ ഫുൾ ബഞ്ച് പരിഗണിക്കും

Posted on: July 26, 2016 7:37 pm | Last updated: July 26, 2016 at 7:37 pm
SHARE

 

TV interviewകൊച്ചി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അഭിഭാഷക-മാധ്യമ പ്രവർത്തക തർക്കത്തിനിടയിൽ വനിത മാധ്യമ പ്രവർത്തകർക്കുണ്ടായ വിഷമങ്ങൾ വനിത കമ്മീഷന്റെ ഫുൾ ബഞ്ചിൽ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കമ്മീഷനംഗം ഡോ.ലിസി ജോസ് വ്യക്തമാക്കി. ടി.ഡി.എം ഹാളിൽ നടന്ന മെഗാ അദാലത്തിനിടയിലാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസപരമായി ഉയർന്നു നില്ക്കുന്ന ഇരു വിഭാഗവും യോജിച്ച് പ്രവർത്തിക്കേണ്ടവരാണ്. എന്നാൽ വനിത മാധ്യമ പ്രവർത്തകർക്ക് ഈ പ്രശ്‌നങ്ങൾക്കിടയിൽ ചില വിഷമങ്ങൾ ഉണ്ടായത് കമ്മീഷൻ ചർച്ച ചെയ്യും. അവർക്കു സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായെങ്കിൽ അത് ഖേദകരമാണ്. വേണ്ടി വന്നാൽ അവരുടെ മൊഴിയെടുക്കാനും കമ്മീഷൻ തയാറാകുമെന്ന് ഡോ.ലിസി പറഞ്ഞു.

 

120 കേസുകൾ ഇന്നലെ പരിഗണിച്ചതിൽ 49 എണ്ണത്തിൽ തീർപ്പാക്കി. 12 എണ്ണം പൊലീസിന്റെ റിപ്പോർട്ടിനായി അയച്ചു. നാലു കേസുകൾ കൗൺസിലിങ്ങിനും, ആറു കേസുകൾ ആർ.ഡി.ഒ റിപ്പോർട്ടിനായും മാറ്റി. വാദിയോ പ്രതിയോ ഹാജരാകാതിരുന്ന 28 കേസുകൾ അടുത്ത തെളിവെടുപ്പിൽ പരിഗണിക്കാനായി മാറ്റി.

എസ്.പി സാംക്രിസ്റ്റി ഡാനിയൽ, കൗൺസലർമാരായ മേഘ ദിനേശ്, ജോൺ എബ്രഹാം, സതീശൻ, ജോസ് ആയിരംകൽ, വനിത പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഷെർലറ്റ് മണി, എസ്.ഐ മാരായ എ.എസ്.ഉഷ, ടി.പി.ജയശ്രീ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.