കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു;അബുദാബിയില്‍ ഫ്‌ലാറ്റ് വാടക കുറയും

Posted on: July 26, 2016 3:53 pm | Last updated: July 26, 2016 at 3:53 pm
SHARE

ABUDHABI FLATഅബുദാബി:താമസക്കാര്‍ ഒഴിഞ്ഞ് അബുദാബിയില്‍ വിവിധ കെട്ടിടങ്ങളിലെ നിരവധി ഫ്‌ലാറ്റുകള്‍. ഈ വര്‍ഷം ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാംപാദത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫഌറ്റുകള്‍ ഒഴിഞ്ഞ് ‘ടു ലെറ്റ്’ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. നഗരത്തില്‍ ശൈഖ് സായിദ് റോഡിലെ ഒരു കെട്ടിടത്തില്‍ വിവിധതരത്തിലുള്ള പതിനഞ്ചോളം ഫഌറ്റുകളാണ് ഒഴിവുള്ളത്.

എണ്ണ, വാതക, ബേങ്കിംഗ് മേഖലകളില്‍ തൊഴിലാളി ക്രമീകരണം നടത്തുന്നതും ജനസംഖ്യാ വളര്‍ച്ച കുറയുന്നതും ഫഌറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമായി. ഇലക്ട്ര, ഹംദാന്‍, മുറൂര്‍, എയര്‍പോര്‍ട്, ഖലീഫ് സ്ട്രീറ്റുകളില്‍ നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഗണ്യമായി കുറയുന്ന ഫഌറ്റ് വാടക നാലാം പാദത്തില്‍ വീണ്ടും കുറയുമെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരവ് കുറഞ്ഞതും ചെലവ് കൂടിയതും വിദേശികള്‍ കുടുംബങ്ങളെ നാട്ടിലേക്കയക്കുന്നതിനും ഇടയാക്കി.

സ്റ്റുഡിയോ, സിംഗിള്‍ ബെഡ്‌റൂമുകളെ അപേക്ഷിച്ച് രണ്ടും മൂന്നും റൂമുകളുള്ള ഫഌറ്റുകളാണ് കൂടുതല്‍ കാലിയായി കിടക്കുന്നത്. കമ്പനികള്‍ തൊഴിലാളികളുടെ അലവന്‍സ് കുറച്ചതും കുടുംബങ്ങളെ നാട്ടിലയക്കുന്നതിന് കാരണമായിട്ടുണ്ട്. അബുദാബിയില്‍ 2013ല്‍ ഫഌറ്റ് വാടക 17 ശതമാനം വര്‍ധിച്ചപ്പോള്‍, 2014ല്‍ 11ഉം 2015ല്‍ അഞ്ച് ശതമാനവും വര്‍ധിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടക്ക് ഫഌറ്റ് വാടകയില്‍ 33 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഫഌറ്റുകള്‍ കൂടാതെ പലയിടങ്ങളിലും വില്ലകളും ഒഴിഞ്ഞുകിടക്കുകയാണ്. കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ബാച്ചിലര്‍മാര്‍ക്ക് വിലക്ക് ഏര്‍പെടുത്തിയതും കുടുംബങ്ങള്‍ കൊഴിഞ്ഞുപോയ ഫഌറ്റുകളില്‍ ആവശ്യക്കാരെ കിട്ടാത്തതും റിയല്‍ എസ്റ്റേറ്റ് കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഫഌറ്റുകളിലെ പങ്കാളിത്തം നഗരസഭ കര്‍ശനമായി നിയന്ത്രിച്ചതും ഉയര്‍ന്ന വാടക നല്‍കിയില്ലെങ്കില്‍ ഫഌറ്റുകള്‍ ഏറ്റെടുക്കാന്‍ കഴിയാത്തതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. മുസഫ്ഫ, ബനിയാസ്, മഫ്‌റഖ് തുടങ്ങിയ പ്രവിശ്യകളിലും വാടകനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.