Connect with us

Gulf

ദുബൈയില്‍ അഞ്ച് മാസത്തിനിടെ 527 പുതിയ റസ്റ്റോറന്റുകള്‍ക്ക് ലൈസന്‍സ് നല്‍കി

Published

|

Last Updated

ദുബൈ: നടപ്പുവര്‍ഷം ആദ്യ അഞ്ചു മാസത്തിനിടെ ദുബൈ സാമ്പത്തിക വികസന വിഭാഗം പുതിയ 527 റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ലൈസന്‍സ് നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.

330 പുതിയ റസ്റ്റോറന്റുകള്‍ക്കും 197 പുതിയ കഫ്‌തേരിയകള്‍ക്കുമാണ് ദുബൈയുടെ വിവിധ ഭാഗങ്ങളിലായി ലൈസന്‍സ് നല്‍കിയത്. 2000 മുതല്‍ നടപ്പുവര്‍ഷം വരെ ദുബൈയില്‍ ആകെ നല്‍കിയ റസ്റ്റോറന്റുകളുടെ ലൈസന്‍സ് 6,620 എണ്ണമാണ്. ഇതേ കാലയളവില്‍ 439 റസ്റ്റോറന്റുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ടതായും ദുബൈ സാമ്പത്തിക വികസന വിഭാഗത്തിന് കീഴിലെ കൊമേഴ്‌സ്യല്‍ ലൈസന്‍സിംഗ് അതോറിറ്റി വ്യക്തമാക്കി.

2000 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ പുതിയതായി നല്‍കിയ ലൈസന്‍സുകളുടെ വാര്‍ഷിക ശരാശരി 288 ആയിരുന്നു. 2009 മുതല്‍ ഇത് ഇരട്ടിയായി 777 എണ്ണമായി ഉയര്‍ന്നതായും ബന്ധപ്പെട്ടവര്‍ കണക്കുകളുദ്ധരിച്ച് വിശദീകരിച്ചു. ദുബൈയുടെ വ്യാപാര രംഗം വളര്‍ച്ചയുടെ പാതയില്‍തന്നെയാണെന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

2000 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ദുബൈയില്‍ പുതുതായി തുറന്ന കഫേകള്‍ 3,807 എണ്ണമാണ്. ഇതേ കാലയളവില്‍ 389 കഫേകള്‍ തങ്ങളുടെ വ്യാപാര ലൈസന്‍സുകള്‍ റദ്ദ് ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. യു എ ഇയില്‍ പൊതുവിലും ദുബൈയില്‍ പ്രത്യേകിച്ചുമുണ്ടായ ജനസംഖ്യാ വര്‍ധനവാണ് റസ്റ്റോറന്റ്, കഫേ തുടങ്ങിയ സ്ഥാപനങ്ങള്‍ കൂടുതലായി തുറക്കാന്‍ ഇടയാക്കിയത്.

ഉപഭോക്താക്കള്‍ക്ക് കലര്‍പ്പില്ലാത്തതും അപകടരഹിതവുമായ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സാമ്പത്തിക വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍തന്നെ റസ്റ്റോറന്റ്, കഫ്‌തേരിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ അധികൃതര്‍ ഇടവിട്ട് പരിശോധനകള്‍ നടത്തുകയും നിയമലംഘകര്‍ക്ക് വന്‍തുക പിഴ വിധിക്കുന്നതുള്‍പെടെയുള്ള നടപടികള്‍ കൈകൊള്ളുകയും ചെയ്തുവരുന്നുണ്ട്.