ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ 37,000 ദിര്‍ഹത്തിന് സ്റ്റുഡിയോ ഫ്‌ലാറ്റ്

Posted on: July 26, 2016 3:40 pm | Last updated: July 26, 2016 at 3:40 pm
SHARE

DUBAI INTERNATIONAL CITYദുബൈ: ഇന്റര്‍നാഷണല്‍ സിറ്റിയില്‍ 37,000 ദിര്‍ഹത്തിന് സ്റ്റുഡിയോഫ്‌ലാറ്റ്ലഭ്യമാണെന്ന് എം പി എം പ്രോപര്‍ട്ടീസ് അറിയിച്ചു. ദുബൈയില്‍ ഏറ്റവും ചുരുങ്ങിയ വാടകക്ക് ഫഌറ്റുകള്‍ ലഭിക്കുന്ന മേഖലയായി ഇതോടെ ഇന്റര്‍നാഷണല്‍ സിറ്റി മേഖല മാറിയിരിക്കുകയാണ്. 2016ന്റെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണിത്. രണ്ടു മുറിക്ക് 48,000വുമാണ് വാര്‍ഷിക വാടക. പാം ജുമൈറയിലും മറ്റിടങ്ങളെയും അപേക്ഷിച്ച് വാടകയില്‍ വലിയ വര്‍ധനവ് രണ്ടാം പാദത്തില്‍ ഉണ്ടായിട്ടില്ല. വാടകയില്‍ ഏറ്റവും കുറവുണ്ടായിരിക്കുന്നത് ബിസിനസ് ബേ മേഖലയിലാണ്. ഡിസ്‌കവറി ഗാര്‍ഡന്‍ മേഖലയില്‍ നേരിയ തോതിലേ വാടകയില്‍ ഇടിവുണ്ടായുള്ളൂവെന്നും അബുദാബി ഇസ്‌ലാമിക് ബേങ്കിന്റെ റിയല്‍ എസ്‌റ്റേറ്റ് ഉപദേശക സ്ഥാപനമായ എം പി എം വ്യക്തമാക്കി. പാം ജുമൈറയിലാണ് ഏറ്റവും കൂടിയ വാടക. ഇവിടെ ഒറ്റമുറിക്ക് വാര്‍ഷിക വാടക 88,000വും ഇരട്ടമുറിക്ക് 1,23,000 ദിര്‍ഹം മുതല്‍ 1.65,000 ദിര്‍ഹം വരെയുമാണ്.

ബിസിനസ് ബേയില്‍ വാടകയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് 5.93 ശതമാനമാണ്. ഇവിടെ വാര്‍ഷിക വാടക ഒറ്റമുറിക്ക് 66,000വും ഇരട്ടമുറിക്ക് 84,000 മുതല്‍ 1,18,000 ദിര്‍ഹം വരെയുമാണ്. ജുമൈറ ലേക്ക് ടവേഴ്‌സാണ് വാടക ഇടിവില്‍ രണ്ടാമത്. 5.69 ശതമാനമാണ് ഇവിടെ വാടക ഇടിഞ്ഞത്. ഒറ്റമുറിക്ക് 64,000വും രണ്ട് മുറിക്ക് 85,000 മുതല്‍ 1,20,000 ദിര്‍ഹം വരെയുമാണ് നല്‍കേണ്ടത്. മൂന്നാം സ്ഥാനത്തുള്ള ഗ്രീന്‍സ് മേഖലയില്‍ 4.76 ശതമാനമാണ് വാകടയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഇവിടെ 68,000 ദിര്‍ഹമാണ് ഒറ്റമുറിക്ക്. ഇരട്ടമുറിയുള്ള ഫഌറ്റുകള്‍ക്ക് 88,000 മുതല്‍ 1,30,000 നല്‍കിയാല്‍ മതിയാവുമെന്നും എം പി എം പ്രൊപര്‍ട്ടീസ് അധികൃതര്‍ വിശദീകരിച്ചു.