യു എ ഇ ചുട്ടുപൊള്ളുന്നു; അകമ്പടിയായി തീക്കാറ്റും

Posted on: July 26, 2016 3:36 pm | Last updated: July 26, 2016 at 3:36 pm
SHARE

SUMMERദുബൈ: നാടും നഗരവും ചുട്ടുപൊള്ളവേ താപനില അമ്പതോടടുക്കുന്നു. ഇതര ജി സി സി രാജ്യങ്ങള്‍ക്കൊപ്പം യു എ ഇയും അതികഠിനമായ ചൂടിനെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. തുറസ്സായ സ്ഥലങ്ങളിലാണ് പ്രത്യേകിച്ചും മരുഭൂപ്രദേശങ്ങളിലാണ് ചൂട് പാരമ്യത്തിലെത്തിയിരിക്കുന്നത്.

ഇത്തരം പ്രദേശങ്ങളില്‍ 50 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് എത്തിയതായാണ് അനൗദ്യോഗിക വിവരം. കടുത്ത ചൂടും അന്തരീക്ഷ ഈര്‍പവും ജനങ്ങളെ പകല്‍ സമയത്ത് പുറത്തിറങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്.
ഉച്ച നേരങ്ങളില്‍ ദുബൈയിലെയും ഷാര്‍ജ, അബുദാബി തുടങ്ങിയ പ്രധാന നഗരങ്ങളിലെയുമെല്ലാം റോഡുകള്‍ വിജനമായ അവസ്ഥയിലാണ്. ഉച്ച വിശ്രമ നിയമം പ്രാബല്യത്തിലുള്ളതും നഗങ്ങളിലെ ആരവത്തിന് കുറവ് വരുത്തിയിരിക്കുന്നു.

നായിഫ്, സബ്ഖ, ബര്‍ദുബൈ തുടങ്ങിയ ദുബൈയിലെ പ്രധാന കമ്പോളങ്ങളിലെല്ലാം ഉച്ച നേരങ്ങളില്‍ റോഡ് ശൂന്യമായ സ്ഥിതിയാണ്. രാജ്യത്ത് ചൂട് 49 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മരുപ്രദേശങ്ങളിലേതിന് സമാനമായ രീതിയില്‍ താപനില അന്‍പതിന് മുകളില്‍ എത്തിയിട്ടുണ്ടെന്നാണ് ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

വേനല്‍ കത്തുന്നതിനാല്‍ സൂര്യാഘാതം ഭയന്ന് മിക്കവരും അത്യാവശ്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാതെ കഴിയുകയാണ്. സൂര്യന്‍ അസ്തമിച്ചാലും പുറത്തിറങ്ങുന്നത് വെല്ലുവിളിയായിരിക്കയാണ്. മിക്കയിടത്തും അന്തരീക്ഷ ഈര്‍പം 80നും 85നും മുകളിലാണ്. ഈ വര്‍ഷം മുന്‍ വര്‍ഷത്തേതിലും അസഹ്യമായ ചൂടിനാവും രാജ്യം സാക്ഷ്യംവഹിക്കുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൂട് കുറയാതെ തുടരുകയാണ്. ചില ഇടങ്ങളില്‍ ശക്തമായ ചൂടിനൊപ്പം കനത്ത തോതില്‍ പൊടിക്കാറ്റും വീശുന്നുണ്ട്.

മിക്കവരും ചൂടില്‍ നിന്ന് രക്ഷനേടാന്‍ കുളി ഉള്‍പെടെയുള്ള കാര്യങ്ങള്‍ക്കായി വെള്ളം നേരത്തെ ശേഖരിച്ച് വെച്ചാണ് ഉപയോഗിക്കുന്നത്. കുളിമുറികളില്‍ അലക്കാനും കുളിക്കാനുമെല്ലാം കയറുന്നവര്‍ ചൂളയില്‍ നിന്ന് വരുന്നതിന് സമാനമായ രീതിയില്‍ വിയര്‍ത്തൊലിച്ചാണ് പുറത്തിറങ്ങുന്നത്.

മിക്ക ബാച്ചിലര്‍ മുറികളിലും നടവഴികള്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റുകളാല്‍ സമ്പന്നമാണ്. ഉച്ചഭക്ഷണം പുറത്ത് പോയി കഴിക്കുന്നവരുടെ എണ്ണത്തിലും ചൂട് കുറവ് വരുത്തിയിട്ടുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് ഉച്ചക്ക് റൂമില്‍ എത്തുന്ന ബാച്ചിലര്‍മാരും ഉച്ചക്ക് ശേഷം ഡ്യൂട്ടിക്കായി പോകേണ്ടവരുമെല്ലാം കഫ്‌തേരിയകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണത്തിനായി പോകുന്നത് നിര്‍ത്തിയിരിക്കയാണ്. മിക്കവരും ഡെലിവറിബോയിയുടെ സഹായത്താല്‍ ഭക്ഷണം എത്തിച്ച് കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്.

അടുത്ത മാസവും ചൂട് ഇതേ രീതിയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബര്‍ അവസാനത്തോടെ ചൂടിന് ശമനമാവൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ജൂണ്‍ 15ന് ആരംഭിച്ച ഉച്ച വിശ്രമ നിയമം സെപ്തംബര്‍ 15നാണ് അവസാനിക്കുക. ചൂട് ഇനിയും വര്‍ധിക്കുമെന്ന സൂചനകള്‍ താമസക്കാര്‍ക്കൊപ്പം കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കും.

അതേസമയം ജി സി സി രാജ്യമായ കുവൈത്തില്‍ താപനില 55 ഡിഗ്രയോടടുത്തിരിക്കയാണ്. അയല്‍ രാജ്യമായ ഇറാഖില്‍ ഇപ്പോഴനുഭവപ്പെടുന്നത് 53.9 ഡിഗ്രി സെല്‍ഷ്യസാണ്. സഊദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും ചൂട് പാരമ്യത്തിലാണ്.