അബുദാബിയില്‍ മൊബൈല്‍ ഭക്ഷണശാലകള്‍ അനുവദിക്കും

 
Posted on: July 26, 2016 3:31 pm | Last updated: July 26, 2016 at 3:31 pm
SHARE

MOBILE FOODഅബുദാബി: എമിറേറ്റിന്റെ പരിധിയില്‍ മൊബൈല്‍ റസ്റ്റോറന്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നു. റസ്റ്റോറന്റുകള്‍ കൂടാതെ ഫുഡ്സ്റ്റഫ് കാറ്ററിംഗ് ലൈസന്‍സ് പൂര്‍ണമായും സ്വദേശിയുടെ പേരിലോ അല്ലെങ്കില്‍ സ്വദേശി പാര്‍ട്ണറുടെ പേരിലോ ആണ് അനുവദിക്കുകയെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് മുനീഫ് അല്‍ മന്‍സൂരി അറിയിച്ചു.

ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എമിറേറ്റിലുടനീളം സേവനം വ്യാപിപ്പിക്കുന്നതിന് ലൈസന്‍സ് അനുവദിക്കുന്നത്. നഗരസഭയിലെ മുനിസിപ്പല്‍കാര്യ വകുപ്പ്, ഗതാഗത വകുപ്പ്, അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്, അബുദാബി ട്രാഫിക് വകുപ്പ് എന്നിവ ചേര്‍ന്നാണ് അനുമതി നല്‍കുക. ഈ വകുപ്പുകളില്‍നിന്നുള്ള അനുമതിക്ക് ശേഷം മാത്രമാണ് പ്രവര്‍ത്തനാനുമതി ലഭിക്കുക. ബിസിനസ് പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റില്‍നിന്നാണ് പ്രാരംഭാനുമതി ലഭിക്കേണ്ടത്. അന്തിമാനുമതി നഗരസഭയുടെ പരസ്യ വിഭാഗത്തില്‍ നിന്നും ലഭിക്കണം. ലൈസന്‍സില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയമാവലി പാലി ച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള പൂര്‍ണ അധികാരം അബുദാബി സാമ്പത്തികാര്യ വകുപ്പിനുണ്ടായിരിക്കും. വാഹനങ്ങള്‍ രൂപകല്‍പന ചെയ്തതിന് ശേഷം മന്ത്രാലയത്തിന്റെ പരിശോധനക്ക് വിധേയമാക്കണം. അനുവദിക്കപ്പെടാത്ത ഭക്ഷ്യ വസ്തുക്കള്‍ മൊബൈല്‍ റസ്റ്റോറന്റ്, ഫുഡ് സ്റ്റഫ് കാറ്ററിംഗ് വഴി വില്‍പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
മൊബൈല്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വില്‍പന നടത്തുന്ന ഉത്പന്നങ്ങളുടെ വിവരണം, വാഹനങ്ങളുടെ വിവരം, പ്രവ ര്‍ത്തന സമയം എന്നിവ വിശദമാക്കണം.

അനുവദിക്കപ്പെടാത്ത സ്ഥലങ്ങളില്‍ ഭക്ഷണം പാകം ചെയ്യുക, പെര്‍മിറ്റില്ലാത്ത വാഹനങ്ങളില്‍ വില്‍പന നടത്തുക, സമയത്തില്‍ കൃത്യത പാലിക്കാതിരിക്കുക, വില്‍പന നടത്തിയ സ്ഥലങ്ങളില്‍നിന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതിരിക്കുക, വാഹനങ്ങളില്‍ അമിത ശബ്ദത്തില്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുക, അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങള്‍ അപഹരിച്ച് മേശയും കസേരയും നിരത്തുക, റോഡില്‍ ഗതാഗത സ്തംഭനമുണ്ടാക്കുക, വാഹനങ്ങളില്‍ അനുവദിക്കാത്ത സ്റ്റിക്കര്‍ പതിക്കുക എന്നിവ നിയമലംഘനത്തിന്റെ പരിധിയില്‍ പെടുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അല്‍ മന്‍സൂരി വ്യക്തമാക്കി.