ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിംഗ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു

Posted on: July 26, 2016 11:29 am | Last updated: July 26, 2016 at 2:45 pm
SHARE

indrajeeth singhന്യൂഡല്‍ഹി: ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിംഗ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇന്ദര്‍ജിത് നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗുസ്തി താരം നര്‍സിംഗ് യാദവിന് പിന്നാലെ ഇന്ദര്‍ജിത് സിംഗും പിടിക്കപ്പെട്ടത് ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി.

28 കാരനായ ഇന്ദ്രജീത് 2014 ലെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവും നിലവിലെ ഏഷ്യയിലെ ലീഡ് താരവുമാണ്. ജൂണ്‍ മാസം 22 നാണ് ഇന്ദര്‍ജിതിന്റെ എ സാമ്പിള്‍ പരിശോധന നടത്തിയത്. ഇതിലാണ് താരം പരാജയപ്പെട്ടിരിക്കുന്നത്. ബി സാമ്പിള്‍ പരിശോധനയ്ക്ക് നാഡ ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബി സാമ്പിളും പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ ഇന്ദര്‍ജിതിന് റിയോ ഒളിമ്പിക്‌സ് നഷ്ടമാകും.

അതേസമയം സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ഇന്ദര്‍ജിത് അഭിപ്രായപ്പെട്ടു. ഇത് എങ്ങനെ സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ക്ക് മാത്രമേ പറയാന്‍ സാധിക്കൂ എന്ന് താരം പറഞ്ഞു.

ഈ മാസം 24 നാണ് ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ടത്. ഒളിമ്പികിസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളായിരുന്നു നര്‍സിംഗും ഇന്ദര്‍ജിതും.