Connect with us

Kerala

യുവ എഴുത്തുകാരന് മര്‍ദനം

Published

|

Last Updated

കുറ്റനാട്: “പടച്ചോന്റെ ചിത്ര പ്രദര്‍ശനം” എന്ന പുസ്തകമെഴുതിയ യുവ എഴുത്ത് കാരന് മര്‍ദനം. പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ട വിയോജിപ്പു കാരണം യുവ എഴുത്തുകാരനെ മര്‍ദിച്ചതായിട്ടാണ് പരാതി. തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവ് പുവാലിക്കോട്ടില്‍ സലീമിന്റെ മകന്‍ ജിംഷാര്‍ (26)നാണ് മര്‍ദനമേറ്റത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ജിംഷാറിന്റെ പുസ്തകത്തിന്റെ പേര് “പടച്ചോന്റെ ചിത്ര പ്രദര്‍ശനം” എന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തിന് കാരണമെന്ന് ജിംഷാര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

തണ്ണീര്‍ക്കോട് കൂനം മൂച്ചിയിലുളള വല്ല്യുപ്പയുടെ വീട്ടീല്‍ വന്ന് തിരിച്ചു പോകുമ്പോഴാണ് മര്‍ദ്ദനമേറ്റത്. കൂനം മൂച്ചി സ്വദേശി അന്‍സാര്‍ അടക്കം നാല് പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ചാലിശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കൂനെ മൂച്ചിയില്‍ നിന്ന് കൂറ്റനാട് എത്തിയ ശേഷം പെരുമ്പിലാവിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ് നിലത്ത് വീണ് കിടന്ന ജിംഷാറിനെ സമീപത്തുളള ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ജിംഷാറിനെതിരായ ആക്രമണത്തില്‍ സാഹിത്യകാരന്മാരും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായ പ്രതിഷേധമാണ് അക്രമികള്‍ക്കെതിരെ നടക്കുന്നത്. ബെന്യാമിന്‍, ടി ഡി രാമകൃഷ്ണന്‍ തുടങ്ങിയ എഴുത്തുകാര്‍ ജിംഷാറിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.