Connect with us

National

നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ പാകിസ്താനിലെ സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടെന്ന് നിര്‍ദ്ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. പാക്കിസ്ഥാനിലെ വിദ്യാലയങ്ങളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടികളെ പാക് സ്‌കൂളുകളില്‍ നിന്ന് പിന്‍വലിച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനാണ് നിര്‍ദേശം. പാക്കിസ്ഥാനില്‍ നിന്ന് മടങ്ങുകയോ അല്ലെങ്കില്‍ അവരുടെ കുട്ടികളെ പാക് സ്‌കൂളില്‍ നിന്ന് വിടുതല്‍ ചെയ്ത് ഇന്ത്യയിലേക്ക് അയക്കുകയോ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.

പാക്കിസ്ഥാനിലെ സ്‌കൂളുകള്‍ അടുത്ത മാസമാണ് തുറക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഏകദേശം അറുപതില്‍പ്പരം കുട്ടികളാണ് പാക് സ്‌കൂളുകളില്‍ പഠനം നടത്തുന്നത്. ഉത്തരവ് പുറത്തുവന്നതോടെ ഇവര്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

ഇതിന് പുറമെ പാക്കിസ്ഥാനിലെ ഹൈക്കമ്മീഷനിലേയും കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കുറക്കുന്നതിനും തീരുമാനിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ സൂചിപ്പിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരകെ അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാക്കേറ്റങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യയുടെ പുതിയ നടപടി. കാശ്മീര്‍ താഴ്‌വരയിലെ പ്രശ്‌നത്തില്‍ ഇടപെട്ട് ഇന്ത്യയെ വിമര്‍ശിച്ച് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രംഗത്തെത്തിയിരുന്നു.

Latest