അഫ്ഗാനിസ്ഥാനില്‍ അക്രമങ്ങളില്‍ പരുക്കേറ്റ കുട്ടികളുടെ മരണ സംഖ്യ വര്‍ധിക്കുന്നതായി യു എന്‍

Posted on: July 26, 2016 6:00 am | Last updated: July 26, 2016 at 12:55 am
SHARE

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുട്ടികളുടെ മരണ സംഖ്യ വര്‍ധിച്ചതായി യു എന്‍ റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ആദ്യ പകുതി പിന്നിടുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുന്നതില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടിയതായി അഫ്ഗാനിസ്ഥാനിലെ യു എന്‍ അസിസ്റ്റന്‍സ് മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 5166 പേര്‍ക്ക് പരുക്കേറ്റവെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ആകെ പരുക്കുകളുടെ മൂന്നിലൊന്ന് കുട്ടികളിലാണ് സംഭവിച്ചത്. ഇതില്‍ 388 കുട്ടികള്‍ കൊല്ലപ്പെടുകയും 1121 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കണക്ക് പ്രകാരം 18 ശതമാനം വര്‍ധന വരുമിത്. ഇത് ആശങ്കാജനകമാണെന്നും ലജ്ജാവഹമെന്നും യു എന്‍ റിപ്പോര്‍ട്ടിലുണ്ട്.
2009മുതല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടതിന് ശേഷം ഇതാദ്യമായാണ് മരണ സംഖ്യയുടെയും അപകട നിരക്കും കൂടുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധാരണക്കാര്‍ക്ക് നേരെ അക്രമമഴിച്ചു വിടുന്ന പാര്‍ട്ടികള്‍ക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യു എന്നിന്റെ അഫ്ഗാനിസ്ഥാന്‍ പ്രത്യേക പ്രതിനിധി തദാമിച്ചി യമാമൊട്ടൊ ആവശ്യപ്പെട്ടു. അക്രമങ്ങളുടെ ഒരോ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പ്രാര്‍ഥന നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ജോലി സമയത്തും പഠനം നടത്തുമ്പേള്‍ വരെ അപകടങ്ങളില്‍ പെട്ട് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുണ്ട്. സാധാരണക്കാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ എല്ലാ കക്ഷികളും മുന്നോട്ടിറങ്ങണമെന്നും ഇതിനായി നടപടികളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിനെതിരെ താലിബാനും ഇസിലും രാജ്യത്തുടനീളം നടത്തുന്ന അക്രമസംഭവങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കാബൂളില്‍ ഇസില്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു. 230 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിലധികവും സാധാരണക്കാരാണ്.
മാളുകളിലെ ആക്രമണങ്ങളും ചാവേര്‍ സ്‌ഫോടനങ്ങളും ജനങ്ങളെ കൂടുതല്‍ അപകടത്തില്‍ പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശസേനയുടെ സഹായത്തോടെ ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ വരെ സാധാരണക്കാര്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 1180 പേര്‍ക്ക് ഇത്തരത്തില്‍ പരുക്കേറ്റു. ആകെ പരുക്കേറ്റവരുടെ 23 ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം വര്‍ധിച്ചിട്ടുണ്ട്.