Connect with us

Kerala

കാലിക്കറ്റ് സിന്‍ഡിക്കേറ്റ്: അജന്‍ഡകള്‍ പരിഗണിക്കുന്നത് ഇടത് അംഗങ്ങള്‍ തടഞ്ഞു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് 120 ഓളം വരുന്ന അജന്‍ഡകളില്‍ ഒരെണ്ണം പോലും പരിഗണിക്കാനായില്ല. ഇതോടെ ഇന്നലെ പാതിവഴിക്ക് യോഗം മുടങ്ങി.
നാക് സന്ദര്‍ശനത്തിന്റെ മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനേ ഇന്നലെ യോഗത്തില്‍ കഴിഞ്ഞുള്ളൂ. വിഷയങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം മാത്രം പരിഗണിച്ചാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറു പേര്‍ ഉള്‍പ്പെടുന്ന ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. അതിനാല്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗ മിനുട്ട്‌സിന് അംഗീകാരം നല്‍കുന്നതിന് പോലും കഴിഞ്ഞില്ല.
തര്‍ക്ക വിഷയങ്ങളിലുള്ള അജന്‍ഡകള്‍ മാറ്റിവെച്ച് ഭരണപരവും അക്കാദമികവുമായ വിഷയങ്ങളിലുള്ള അജന്‍ഡകള്‍ പരിഗണിക്കാമെന്ന് യോഗ അധ്യക്ഷനായ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബീറും രജിസ്ട്രാര്‍ ഡോ. ടി അബ്ദുല്‍ മജീദും മറ്റ് അംഗങ്ങളും അഭ്യര്‍ത്തിച്ചെങ്കിലും ഇടത് അംഗങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതോടെ ഇന്നലെ രാവിലെ പത്തിന് ചേര്‍ന്ന യോഗം നാക് പ്രതിനിധികളെ സര്‍വകലാശാലയുടെ അക്കാദമിക ഭരണനേട്ടങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമായി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനവും ചര്‍ച്ചയും പൂര്‍ത്തിയാക്കി രാവിലെ പതിനൊന്നോടെ പിരിയുകയായിരുന്നു.
സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത സര്‍വകലാശാല ചരിത്രപഠന വിഭാഗത്തിലെ അധ്യാപകന്‍ ഡോ: പി ശിവദാസനാണ് പുതിയ അംഗങ്ങള്‍ കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം മാത്രം അജന്‍ഡകള്‍ പരിഗണിച്ചാല്‍ മതിയെന്ന് സിന്‍ഡിക്കേറ്റില്‍ ആദ്യം ആവശ്യപ്പെട്ടത്. ഇതിനെ മറ്റ് ഇടതു അംഗങ്ങളും പിന്തുണക്കുകയായിരുന്നു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറ് പുതിയ അംഗങ്ങളും നേരത്തെയുള്ള മൂന്ന് അംഗങ്ങളും അടക്കം സിന്‍ഡിക്കേറ്റില്‍ ഇടതിന് ഒന്‍പതാണ് അംഗബലം. ഇവര്‍ക്ക് പുറമേ മെമ്പര്‍ സെക്രട്ടറി, ഐ ടി സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ കൂടിയാകുമ്പോള്‍ സിന്‍ഡിക്കേറ്റില്‍ ഭൂരിപക്ഷവുമാകും.
കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. വീരമണികണ്ഠന്റെ പി എച്ച് ഡി പ്രബന്ധം കോപ്പിയടിയാണെന്ന് സ്ഥിരീകരിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പഠന ബോര്‍ഡ് പുന: സംഘടനയും പ്യൂണ്‍-വാച്ച്മാന്‍ റാങ്ക് ലിസ്റ്റ് ചോര്‍ച്ചയിലെ അന്വേഷണ വിഷയങ്ങളുമാണ് ഇന്നലെ സിന്‍ഡിക്കേറ്റ് പരിഗണിക്കേണ്ടിയിരുന്ന സുപ്രധാന അജന്‍ഡകള്‍. സിന്‍ഡിക്കേറ്റ് ആഗസ്ത് ഒന്നിന് വീണ്ടും യോഗം ചേരും.

---- facebook comment plugin here -----

Latest