മൂന്ന് മാസം കൊണ്ട് എല്ലാവര്‍ക്കും കുത്തിവെപ്പ്: മന്ത്രി

Posted on: July 26, 2016 5:40 am | Last updated: July 26, 2016 at 12:41 am
SHARE

മലപ്പുറം: മൂന്ന് മാസം കൊണ്ട് മലപ്പുറം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും മുഴുവന്‍ പേര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡിഫ്തീരിയ പ്രതിരോധ മരുന്നിനു ക്ഷാമം നേരിട്ടെങ്കിലും അത് പരിഹരിക്കാന്‍ സാധിച്ചു. 4.5 ലക്ഷം ഡോസ് മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ ആരോഗ്യവകുപ്പ് സവിശേഷ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കുന്ന കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായി. ആരോഗ്യവകുപ്പില്‍ സമൂലമായ മാറ്റമുണ്ടാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി അടുത്ത മാസം തുടങ്ങും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതുണ്ട്. അസുഖം ബാധിക്കുന്നവര്‍ക്ക് പ്രാഥമികമായി കിട്ടേണ്ട എല്ലാ ചികിത്സയും നിര്‍ദേശങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭിച്ചാല്‍ മറ്റ് ആശുപത്രികളിലെ തിരക്ക് കുറക്കാനാകുമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത കാലത്ത് നിരവധി ആശുപത്രികള്‍ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇവയിലെല്ലാം പുതിയ ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ ആവശ്യത്തിന് സൗകര്യങ്ങളോ ജീവനക്കാരോ നല്‍കിയിട്ടില്ല. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കും. ഇതിന് എല്ലാവിധ സഹായവും നല്‍കാന്‍ ധനവകുപ്പ് തയ്യാറാണ്. പുതിയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമാകാതിരിക്കാന്‍ നടപടിയെടുക്കും.
ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനാണ് സ്ഥലംമാറ്റം നടത്തിയത്. ഇതില്‍ ചിലര്‍ക്ക് പ്രതിഷേധമുണ്ടായേക്കാം. അത് പരിഹരിച്ച് ശാസ്ത്രീയമായ സ്ഥലംമാറ്റ രീതിയും സ്റ്റാഫ് പാറ്റേണും കൊണ്ടു വരണം. ജീവനക്കാരുടെ കുറവോ സ്ഥലം മാറ്റമോ മലപ്പുറത്തെ ഡിഫ്തീരിയ, കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് വേണമെന്ന അഭിപ്രായമില്ല. ഡോക്ടര്‍മാര്‍ക്ക് പഠിക്കാന്‍ നിലവിലുള്ള ആശുപത്രികള്‍ തന്നെ പര്യാപ്തമാണെന്നും അവര്‍ പറഞ്ഞു.