സന്തോഷ് മാധവന്റെ ജയിലിലെ ജോലി മാറ്റി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: July 26, 2016 5:32 am | Last updated: July 26, 2016 at 12:33 am
SHARE

തിരുവനന്തപുരം: പൂജപ്പുര സെന്‍്രടല്‍ ജയിലിലെ തടവുകാരനായ വിവാദ സന്യാസി സന്തോഷ് മാധവനെ ജയില്‍ ആശുപത്രിയിലെ സഹായി എന്ന ജോലിയില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. ഇത്തരം ചെറിയ ജോലികള്‍ മറ്റ് തടവുകാര്‍ക്കും നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
സന്തോഷ് മാധവനും ജയില്‍ ഡോക്ടറും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ തടവുകാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ടോ എന്ന് സെന്‍ട്രല്‍ ജയിലിന് പുറത്തുള്ള ഒരു ഉയര്‍ന്ന ഉദേ്യാഗസ്ഥന്‍ അനേ്വഷിക്കണം. തടവുകാര്‍ക്ക് ചികിത്സ നല്‍കുന്നതില്‍ ജയില്‍ ഡോക്ടറുടെ ഭാഗത്ത് അലംഭാവം ഉണ്ടായിട്ടുണ്ടോ എന്നും അനേ്വഷിക്കണം. സന്തോഷ് മാധവന്റെ സ്വാധീനത്തിന് വഴങ്ങി ജയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിക്ടര്‍ ദന്ത ചികിത്സക്കുള്ള അവസരം നിഷേധിച്ചു എന്നാരോപിച്ച് സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ സാബു ദാനിയേല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ജയില്‍ വകുപ്പ് മേധാവി ഇത് സംബന്ധിച്ച് കമ്മീഷന് സമര്‍പ്പിച്ച അനേ്വഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ തള്ളി. ഉന്നത ഉദേ്യാഗസ്ഥര്‍ ഇത്തരത്തിലുള്ള അനേ്വഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കരുതെന്ന് ജസ്റ്റിസ് ജെ ബി കോശി മുന്നറിയിപ്പ് നല്‍കി. കമ്മീഷനില്‍ പരാതി നല്‍കിയ സാബു നാല് കേസുകളില്‍ പ്രതിയാണെന്നാണ് ജയില്‍ മേധാവിയുടെ പ്രധാന ആരോപണം. അത് പരാതിക്കാരന്റെ അവകാശങ്ങള്‍ ലംഘിക്കാനുള്ള കാരണമല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
സംഭവം സംബന്ധിച്ച് കമ്മീഷന്റെ അനേ്വഷണ വിഭാഗത്തിലെ എസ് പി യായ ബേബി എബ്രഹാമും അനേ്വഷണം നടത്തിയിരുന്നു. സന്തോഷ് മാധവനും ജയില്‍ ഡോക്ടറും തമ്മിലുള്ള സൗഹൃദം കാരണം നേരത്തെ അനില്‍ ജോര്‍ജ് എന്ന തടവുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച പരാതിയും കമ്മീഷന്റെ പരിഗണനയിലുണ്ട്.
സന്തോഷ് മാധവന്‍ രണ്ടുകൊല്ലത്തോളമായി ജയിലില്‍ ലഘുജോലികളിലാണ് ഏര്‍പ്പെടുന്നത്. തടവുകാര്‍ക്ക് യഥാസമയം ചികിത്സ ലഭിക്കാതെ അപകടം സംഭവിച്ചാല്‍ പുര്‍ണ ഉത്തരവാദിത്വം സര്‍ക്കാറിനും ജയില്‍ അധികൃതര്‍ക്കുമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
പരാതിക്കാരനായ സാബുവിന് ദന്തല്‍ കോളജില്‍ നിന്നും തുടര്‍ ചികിത്സ നല്‍കണം. ജയിലിനുള്ളിലെ ആശുപത്രിയിലും ക്ലിനിക്കിലും യോഗ്യരായ പുരുഷ നഴ്‌സുമാരെ നിയമിക്കണം. തടവുകാരെ പുറത്തു കൊണ്ടുപോകാന്‍ വലിയ വാഹനം ലഭ്യമാക്കണം. തടവുകാരെ യഥാസമയം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കുടുതല്‍ ജീവനക്കാരെ നിയമിക്കണം. 727 ശിക്ഷാ തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ 1300 ലേറെ തടവുകാരുണ്ട്. അതനുസരിച്ചുള്ള സൗകര്യങ്ങളും ജീവനക്കാരും ആവശ്യമാണ്. മാസത്തിലൊരിക്കലെങ്കിലും തടവുകാരെ പരിശോധിച്ച് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ സേവനം ജയിലില്‍ ലഭ്യമാക്കണം.പരാതി നല്‍കിയതിന്റെ പേരില്‍ സാബു ദാനിയേലിനെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ നടപടിയെടുക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഉത്തരവ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ജയില്‍ മേധാവിക്കും ജയില്‍ സൂപ്രണ്ടിനും അയക്കും.