Connect with us

Editorial

വിദ്യാര്‍ഥികളുടെ തലക്ക് മീതെ...

Published

|

Last Updated

സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കണമെങ്കില്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്വം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് (ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്)അനിവാര്യമാണെന്നിരിക്കെ സംസ്ഥാനത്തെ പകുതിയോളം സ്‌കൂളുകള്‍(5,067എണ്ണം) ഈ വര്‍ഷം അധ്യായനം ആരംഭിച്ചത് സര്‍ട്ടിഫിറ്റില്ലാതെ. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇത്തരം സ്‌കൂളുകളുടെ എണ്ണം ആയിരത്തിലേറെ വരുമെന്നും സംസ്ഥാനത്ത് 179 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സുരക്ഷാഭീഷണിയുള്ളതായും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പേ സകൂള്‍ അധികൃതര്‍ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാണ് ചട്ടം. പൊതുമരാമത്ത് വകുപ്പാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാത്ത സ്‌കൂളുകള്‍ക്ക് പിന്നെയും അത് സമ്പാദിക്കാന്‍ അവസരം നല്‍കാറുണ്ട്. ഇക്കാലയളവില്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ അക്കാര്യം ജൂലൈ 15ന് അറിയിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ആരും വാങ്ങിയതായി അറിയില്ലെന്നാണ് ഡി പി ഐ ഓഫീസില്‍ നിന്നുള്ള വവരം.
സ്‌കൂള്‍ കെട്ടിടങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജൂണ്‍ 15ന് ഉത്തരവ് (എം4/2283-2016/ഡി പി ഐ)പുറപ്പെടുവിച്ചിരുന്നു. ഡി ഇ ഒമാരോ എ ഇ ഒമാരോ അവരുടെ അധികാര പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ കെ ഇ ആര്‍ നിര്‍ദേശിച്ച തരത്തിലുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ തന്നെ അവര്‍ തങ്ങളുടെ അധികാര പരിധിയിലുള്ള ഹെഡ്മാസ്റ്റര്‍മാരുടെ യോഗം വിളിച്ച് സ്‌കൂളുകള്‍ക്ക് എന്തെങ്കിലും സുരക്ഷാഭീഷണിയുണ്ടോ എന്ന് വിലയിരുത്തണം എന്നും ഭീഷണി ഉണ്ടെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതുസംബന്ധമായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ജൂണ്‍ 25ന് മുമ്പായി വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുമാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കെട്ടിടങ്ങളുടെയും മേല്‍ക്കൂരയുടെയും ചുറ്റുമതിലിന്റെയും ഉറപ്പ്, ചുറ്റുപാടുമുള്ള മരങ്ങള്‍ തുടങ്ങിയവ പരിശോധിച്ചു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫിറ്റ്‌നസ് നല്‍കുന്നത്. കെട്ടിടങ്ങള്‍ക്കോ മേല്‍ക്കൂരക്കോ ബലക്കുറവോ ചുറ്റുമതില്‍ തകര്‍ന്നു വീഴാനുള്ള സാധ്യതയോ മരങ്ങള്‍ കടപുഴകിയോ ശിഖരങ്ങള്‍ പൊട്ടിയോ വീഴാനോ സാധ്യതയോ കാണുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ഇത്തരം സ്ഥാപനങ്ങള്‍ നിശ്ചിത തീയതിക്കകം തകരാര്‍ പരിഹരിച്ചെങ്കില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമേ നല്‍കാവൂ എന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഈ ചട്ടങ്ങല്ലൊം മറികടുന്നു സ്വീധീത്തിലൂടെയും ഉദ്യോഗസ്ഥരെ പാട്ടിലാക്കിയും പ്രവര്‍ത്തനാനുമതി സമ്പാദിക്കുന്നവരുണ്ട്. ഈ വര്‍ഷത്തെ പരിശോധനകളില്‍ പല സ്‌കൂള്‍ കെട്ടിടങ്ങളും അപകടകരമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ചില സ്‌കൂളുകള്‍ക്ക് ചുറ്റും പൊട്ടിവീഴാവുന്ന തരത്തില്‍ വന്‍മരങ്ങളുണ്ട്. മേല്‍ക്കൂര ദ്രവിച്ചു ഓടുകള്‍ ഇളകി വീഴാന്‍ സാധ്യതയുള്ളവയുണ്ട്. ഇവക്കൊന്നും ചട്ടപ്രകാരം പ്രവര്‍ത്തിക്കാനാകില്ല. അഥവാ പ്രവര്‍ത്തിച്ചാല്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ മുന്നറിയിപ്പ്. എന്നാല്‍ സുരക്ഷഭീഷണിയുടെ പേരില്‍ ഏതെങ്കിലും സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തതായി അറിവില്ല.
അറ്റകുറ്റപണികള്‍ നടത്തുകയും സുരക്ഷാഭീഷണി പരിഹരിക്കുകയും ചെയ്യാത്തത് മൂലം എല്ലാ വര്‍ഷങ്ങളിലും അപകടങ്ങള്‍ പതിവാണ്. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ കൊല്ലം മുഖത്തലയിലും കോഴിക്കോട് മുയിപ്പോത്തും മലപ്പുറം മങ്കടയിലും കണ്ണൂര്‍ കാടാച്ചിറയിലും വയനാട് വെള്ളമുണ്ടയിലും കാസര്‍ക്കോട് പേരീലിലും മറയൂരിലും സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുകയുണ്ടായി. കൊല്ലം മുഖത്തലയിലെ അപകടത്തില്‍ ഒരു കുട്ടിയും മുയിപ്പോത്ത് മാനേജറും മരിക്കുകയും ചെയ്തു. മറ്റു സ്ഥലങ്ങളില്‍ അപകടങ്ങള്‍ അവധി ദിവസങ്ങളിലായിരുന്നു.
പല സ്‌കൂളുകളുടെയും അവസ്ഥ ദയനീയമാണ്. ചുറ്റുപാടും കാടുപിടിച്ചു കിടക്കുന്നു. ചുറ്റുമതില്‍ ജീര്‍ണിച്ചു വീഴാറായ നിലയിലാണ്. കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍കുന്നതില്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. എന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴാണ് ഉത്തരവാദപ്പെട്ടവര്‍ കണ്ണുതുറക്കുന്നത്. തലക്ക് മീതെ അപകട ഭീഷണിയുമായാണ് ഇവിടെ കുട്ടികള്‍ പഠിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അയക്കാതെ ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളിലേക്ക് അയക്കുന്നതിന്റെ ഒരു കാരണം സുരക്ഷാ ഭീഷണി കൂടിയാണ്. അഞ്ച് വര്‍ഷത്തിനകം സ്‌കൂളുകളെല്ലാം ഹൈടെക്കാക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ വാഗ്ദത്തം ചെയ്യുന്നുണ്ട്. ഹൈടെക് വേണമെന്നില്ല, അപകടഭീഷണിയില്ലാതെ പഠിക്കാനുള്ള സാഹചര്യമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്.

Latest