കാഞ്ഞങ്ങാട്ട് 120 കോടിയുടെ വികസന പാക്കേജ്

Posted on: July 26, 2016 5:00 am | Last updated: July 25, 2016 at 10:06 pm
SHARE

കാഞ്ഞങ്ങാട്: സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പെടുത്തിയേതടക്കം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ 120 കോടി രൂപയുടെ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയത് വന്‍ നേട്ടം.
ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ അന്തര്‍ സംസ്ഥാനപാതയ്ക്ക് 35 കോടി, നീലേശ്വരം-എടത്തോട് റോഡ് 25 കോടി, വെള്ളരിക്കുണ്ട് റവന്യൂ ടവര്‍ 20 കോടി, കിളിയളം-വരഞ്ഞൂര്‍ റോഡ് 20 കോടി എന്നിവയാണ് പ്രധാനമായും ബജറ്റില്‍ ഇടം നേടിയത്. ഹോസ്ദുര്‍ഗ്-പാണത്തൂര്‍ റോഡിന് കഴിഞ്ഞ വര്‍ഷം 15 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ച പ്രവര്‍ത്തിക്ക് പുറമെയാണ് 35 കോടി രൂപ കൂടി നീക്കിവെച്ചത്.
പ്രത്യേകാനുമതിയും സങ്കേതികാനുമതിയും വേഗത്തില്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്ന 15 കോടി രൂപയുടെ മെക്കാഡം ടാറിംഗ് സെപ്തംബറില്‍ ആരംഭിക്കാന്‍ കഴിയും.
നീലേശ്വരം-എടത്തോട് റോഡിന് കഴിഞ്ഞ വര്‍ഷം ലഭിച്ച 5 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. 3 കോടി രൂപ കൂടി അനുവദിച്ചതിന്റെ നടപടികള്‍ പൂര്‍ത്തിയായി. ഉടനെ ടാറിംഗ് ആരംഭിക്കുന്നതാണ്. ഇതിന് പുറമെയാണ് 25 കോടി രൂപ കൂടി അനുവദിച്ചത്.
പെരിയ-ഒടയംചാല്‍ റോഡില്‍ ഒടയംചാലില്‍ നിന്നും കയറ്റം കുറയ്ക്കുന്നത് ഉള്‍പെടെയുള്ള പദ്ധതി, ചെമ്മട്ടംവയല്‍-കാലിച്ചാനടുക്കം റോഡ്, ചോയ്യംകോട് -മുക്കട റോഡ് എന്നിവയ്ക്ക് കൂടി പണം അനുവദിക്കുന്നതിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കുമായി ചര്‍ച്ച ചെയ്തു. ഇവയ്ക്ക് കൂടി തുക അനുവദിക്കുന്നതിനു് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പത്ത് നഗരങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 735 കോടി രൂപ നീക്കിവെച്ചതില്‍ കാസര്‍കോട് നഗരത്തെ കൂടി ഉള്‍പെടുത്താന്‍ കഴിഞ്ഞത് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സഹായകമാകും.