Connect with us

Kozhikode

ഒളവണ്ണ കമ്പിളിപറമ്പ് മദ്‌റസയില്‍ ചേളാരി ഗുണ്ടാ ആക്രമണം; നാല് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഫറോക്ക്: ചേളാരി വിഭാഗത്തിന്റെ അക്രമവും ഗുണ്ടായിസവും തുടരുന്നു. ഞായറാഴ്ച രാത്രി 10.30ഓടെ ചേളാരി ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ഒളവണ്ണ കമ്പിളിപറമ്പിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലാണ് അക്രമം നടത്തിയത്. മദ്‌റസയിലുണ്ടായിരുന്ന അധ്യാപകരെയും സുന്നി പ്രവര്‍ത്തകരെയുമാണ് സംഘം ആക്രമിച്ചത്.

മദ്‌റസ സദര്‍ മുഅല്ലിം ഉള്‍പ്പെടെയുള്ള അധ്യപകര്‍ക്കും രണ്ട് സുന്നി പ്രവര്‍ത്തകരുമുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു. മദ്‌റസ അധ്യാപകരായ സദര്‍ മുഅല്ലിം അഫഌ സഖാഫി (26), സലാഹുദ്ദീന്‍ സഖാഫി (26), സുന്നി പ്രവര്‍ത്തകരായ ജംഷിദ് (24), ഇഹ്‌സാന്‍(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാലുകള്‍ക്കും മറ്റ് ശരീര ഭാഗങ്ങളിലും സാരമായി പരുക്കേറ്റ ഇവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതെന്ന് പ്രദേശിക സുന്നി നേതാക്കള്‍ പറഞ്ഞു. മദ്‌റസക്ക് മുന്നില്‍ നിര്‍മിച്ച ഷെഡ്ഡ് പൂര്‍ണമായും അക്രമികള്‍ തകര്‍ത്തു. എഴുത്തുബോര്‍ഡുകളും മുന്നിലെ വേലികളും പൂച്ചട്ടികളും തുടങ്ങിയ നിരവധി വസ്തുക്കളും അക്രമികള്‍ തകര്‍ത്തു.
രാത്രി പത്ത് മണിക്കു മുമ്പ് സ്ഥലത്തെത്തിയ അക്രമികള്‍ സമീപത്തുള്ള കെട്ടിടത്തിനുള്ളില്‍ യോഗം ചേര്‍ന്ന് ആക്രമിക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞ് അന്‍പതിലധികം പേര്‍ മാരകായുധങ്ങളുമായി മദ്‌റസക്ക് മുന്നിലെത്തി അക്രമം നടത്തുകയായിരുന്നു.
മഴു, ആണി പതിച്ച പട്ടികയും പിക്കാസുകളുമായാണ് അക്രമിക്കാനെത്തിയത്. രാത്രി പതിനൊന്നോടെ നല്ലളം എസ് ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയതോടെ അക്രമികള്‍ പിന്‍മാറുകയായിരുന്നു. അക്രമം പിന്നെയും തുടരാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രിയില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രതികളെ പിടികൂടുന്നതിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തില്‍ പരുക്കേറ്റ് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ എസ് വൈ എസ് ഫറോക്ക് സോണ്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി. എസ് വൈ എസ് ഫറോക്ക് സോണ്‍ പ്രസിഡന്റ് സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി, സോണ്‍ ജനറല്‍ സെക്രട്ടറി എന്‍ എ ജലീല്‍ പെരുമുഖം, സോണ്‍ സംഘടനകാര്യ സെക്രട്ടറി അക്ബര്‍ കുനിയില്‍ തുടങ്ങിയവരാണ് ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചത്.

Latest