പ്രിസ്മ ആന്‍ഡ്രോയ്ഡിലും എത്തി; വന്‍ പ്രതികരണം

Posted on: July 25, 2016 10:37 pm | Last updated: July 25, 2016 at 10:37 pm
SHARE

prismaആപ്പിള്‍ ഐസ്‌റ്റോറില്‍ വിപ്ലവം സൃഷ്ടിച്ച പ്രിസ്മ ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറിലും എത്തി. ഒരു ദിവസത്തിനകം തന്നെ പ്ലേ സ്‌റ്റോറില്‍ നിന്ന് പ്രിസ്മ ഡൗണ്‍ലോഡ് ചെയ്തത് അര ലക്ഷത്തിലധികം പേര്‍. യഥാര്‍ഥ ചിത്രങ്ങളെ ഛായാചിത്രങ്ങളാക്കി മാറ്റുന്ന പ്രിസ്മ ആപ്പ് ഇന്നലെയാണ് ആന്‍ഡ്രോയിഡില്‍ എത്തിയത്.

ആദ്യം ആപ്പിള്‍ ഐഫോണിലാണ് പ്രിസ്മ ആപ്പ് അവതരിപ്പിച്ചത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഒരു ജ്വരമായി പടര്‍ന്നു. ഭൂരിഭാഗം പേരുടെയും പ്രൊഫൈല്‍ ചിത്രം പ്രിസ്മക്ക് വഴിമാറിയതോടെ ആന്‍ഡ്രോയിഡ് പതിപ്പിന് വേണ്ടിയും മുറവിളിയുയരുകയായിരുന്നു. ആപ്പിള്‍ ഐ സ്‌റ്റോറില്‍ നിന്ന് ഇതുവരെ ഒരു കോടിയിലധികം പേര്‍ പ്രിസ്മ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞു. 40 കോടിയിലധികം ചിത്രങ്ങള്‍ പ്രിസ്മവത്കരിച്ചുവെന്നാണ് കണക്ക്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രിസ്മ ആപ്പിന്റെ പ്രവര്‍ത്തനം. യഥാര്‍ഥ ചിത്രത്തെ കൈ കൊണ്ടുവരച്ച പെയിന്റിംഗ് രൂപത്തിലേക്ക് മാറ്റുകയാണ് പ്രിസ്മ ചെയ്യുന്നത്. ചിത്രത്തെ പുനഃസൃഷ്ടടിക്കുകയാണ് ആപ്പ് ചെയ്യുന്നത്.