സാമൂഹിക വിരുദ്ധ അഴിഞ്ഞാട്ടം: ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി ടി പി

വിളയാട്ടൂര്‍ കണ്ടം ചിറയുടെ സമീപ പ്രദേശങ്ങളില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു.
Posted on: July 25, 2016 10:14 pm | Last updated: July 25, 2016 at 10:14 pm
SHARE
കണ്ടം ചിറയില്‍ തെങ്ങുകള്‍ വെട്ടിനശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശം നന്ദര്‍ശിച്ച മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിവരങ്ങളാരയുന്നു
കണ്ടം ചിറയില്‍ തെങ്ങുകള്‍ വെട്ടിനശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശം നന്ദര്‍ശിച്ച മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിവരങ്ങളാരയുന്നു

പേരാമ്പ്ര: മേപ്പയ്യൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ വിളയാട്ടൂര്‍ കണ്ടം ചിറ ഭാഗത്ത് ഇരുളിന്റെ മറവില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ വിളയാട്ടൂരിലെ പരപ്പില്‍ സമീറിന്റെ കൃഷിയിടത്തിലെ കായ്ഫലുള്ള ഒട്ടേറെ തെങ്ങുകള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടിനശിപ്പിച്ചിരുന്നു. ഇവിടം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.രാജന്‍ എന്നിവരും മന്ത്രിയോടൊപ്പ മുണ്ടായിരുന്നു.

വിളയാട്ടൂര്‍ കണ്ടം ചിറയുടെ സമീപ പ്രദേശങ്ങളില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ വിവിധ പ്രദേശങ്ങളില്‍ നിന്നും പല ദിവസങ്ങളിലും വാഹനങ്ങളില്‍ ആളുകളെത്തുന്നതായും, പലപ്പോഴും അര്‍ധരാത്രി വരെ ഇവിടെ തങ്ങുന്നതായും ആക്ഷേപമുണ്ട്. പരിസര പ്രദേശങ്ങളില്‍ ഇടക്കിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും ബാനറുകളും നശിപ്പിക്കപ്പെടുന്നതിന് പിന്നില്‍ ഇത്തരം ആളുകളാണെന്നും ജനം സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

വാര്‍ഡംഗം സി.പി. ഷെല്‍വി അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന, വൈസ് പ്രസിഡണ്ട് കെ ടി രാജന്‍, എന്‍ എം ദാമോദരന്‍, സറീന ഒളോറ, രഘുനമ്പിയത്ത്, കമ്മന ഇസ്മാഈല്‍, എന്‍.സി.ശമീര്‍, പി ശശി, ടി ഇ ശ്രീധരന്‍, മധു പുഴയരികത്ത്, കെ.ചന്ദ്രബാബു, എ.കെ.വസന്ത സംബന്ധിച്ചു.