‘കലാമിന്റെ വിളി ‘ കലാമിന്റെ ഓര്‍യില്‍ അരയി സ്‌കൂള്‍ വീണ്ടും അധിക സമയം പ്രവര്‍ത്തിക്കും

Posted on: July 25, 2016 10:15 pm | Last updated: July 25, 2016 at 10:15 pm
SHARE

കാഞ്ഞങ്ങാട്: സ്വപ്‌നങ്ങളുടെ തോഴന്‍ അബ്ദുള്‍ കലാമിന്റെ ഓര്‍മയില്‍ അധിക ജോലിചെയ്ത് വീണ്ടും അരയി സ്‌കൂള്‍. അഞ്ചു ദിവസം അഞ്ചു മണിക്കൂര്‍ അധിക സമയം എടുത്ത് 2020ലെ സ്‌കൂള്‍ സ്വപ്‌നം കണ്ട് ശ്രദ്ധേയമായ ജില്ലയിലെ അരയി ഗവ.യു പി സ്‌കൂളാണ് കലാമിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ‘കലാമിന്റെ വിളി’ എന്ന പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഈ അധ്യയന വര്‍ഷത്തില്‍ ശേഷിക്കുന്ന മുഴുവന്‍ പ്രവൃത്തി ദിവസങ്ങളിലും നാല്പത്തിയഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു പിരിയഡ് അധികം ക്ലാസ്സെടുത്ത് മാതൃക സൃഷ്ടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അരയി സ്‌കൂളിലെ അധ്യാപകര്‍. നാളെ കലാമിന്റെ ഒന്നാം ചരമവാര്‍ഷിക ദിനംതൊട്ട് രാവിലെ 9.15 മുതല്‍ 10 മണി വരെ അരയി സ്‌കൂള്‍ കുട്ടികള്‍ കലാമിന്റെ വിളി കേള്‍ക്കും.
‘എല്ലാവരും സപ്‌നം കാണുക, ആകാശത്തോളം വളരുക, നാടിനെ വികസനോന്മുഖമാക്കുക’ എന്ന കലാമിന്റെ വാക്കുകള്‍ ഹൃദയത്തില്‍ പകര്‍ത്തിയാണ് അരയി സ്‌കൂള്‍ പ്രണാമമര്‍പ്പിച്ചത്.
ഒരാഴ്ച നീണ്ടു നിന്ന ശില്പശാലയിലൂടെ തയ്യാറാക്കിയ വികസന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് നഗരസഭ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്.