Connect with us

Gulf

ഇസ്താംബൂളിലും ന്യൂയോര്‍ക്കിലും ക്യു ടി എ ഓഫീസുകള്‍ തുറക്കുന്നു

Published

|

Last Updated

ദോഹ: ഇസ്താംബൂളിലും ന്യൂയോര്‍ക്കിലും പുതിയ രണ്ട് പ്രതിനിധി ഓഫീസുകള്‍ അടുത്തമാസം തുറക്കുമെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി (ക്യു ടി എ). ഖത്വറിനെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി പരിവര്‍ത്തിപ്പിക്കുകയെന്ന ലക്ഷ്യത്തിന് ഇരുരാഷ്ട്രങ്ങളിലെയും മുന്‍നിര വിനോദസഞ്ചാര, മാധ്യമ പങ്കാളികള്‍ക്ക് സൗകര്യം ചെയ്യുന്നതിനാണ് ഓഫീസുകള്‍ തുറക്കുന്നത്.
വിസയില്ലാതെ തുര്‍ക്കി പൗരന്മാര്‍ക്ക് ഖത്വറില്‍ പ്രവേശിക്കുന്നതിന് ഇരുരാഷ്ട്രങ്ങളും ഈയടുത്ത് കരാര്‍ ഒപ്പുവെച്ചതിനാല്‍ ഇസ്താംബൂളിലെ ഓഫീസിന് ഏറെ പ്രാധാന്യമുണ്ട്. ക്യു ടി എയുടെ പാദവാര്‍ഷിക മാര്‍ക്കറ്റിംഗ് സമ്മിറ്റിലാണ് ഓഫീസ് തുറക്കുന്നത് പ്രഖ്യാപിച്ചത്. ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, ജര്‍മനി, സഊദി അറേബ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, ഹോംഗ്‌കോംഗ് എന്നിവിടങ്ങളിലെ ഓഫീസുകളില്‍ നിന്നുള്ള ക്യു ടി എയുടെ ജീവനക്കാര്‍ പങ്കെടുത്തു. വിദേശത്ത് വിനോദസഞ്ചാര പ്രചാരണങ്ങള്‍ ശക്തമാക്കിയതായി ക്യു ടി എയുടെ മാര്‍ക്കറ്റിംഗ്, പ്രമോഷന്‍സ് ഡയറക്ടര്‍ റാശിദ് അള്‍ ഖുരിസി പറഞ്ഞു. സമ്മര്‍ ഫെസ്റ്റിവല്‍ പോലെയുള്ള ഫെസ്റ്റിവലുകള്‍ രാജ്യത്ത് നടത്തും. സന്ദര്‍ശകര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക ഓഫറുകള്‍ നല്‍കുന്നതിന് അമ്പതിലേറെ ഹോട്ടലുകളുമായി ധാരണയുണ്ട്. മൂന്നാം പാദ വിപണിതന്ത്രങ്ങള്‍ പ്രകാരം, വരുന്ന അന്താരാഷ്ട്ര വിനോദസഞ്ചാര പ്രദര്‍ശനങ്ങളില്‍ ക്യു ടി എയുടെ സാന്നിധ്യമുണ്ടാകും. ടെനിരിഫിലെ സീട്രേഡ് എക്‌സിബിഷന്‍, ഇറ്റലിയിലെ ടി ടി ജി റിമിനി എക്‌സ്‌പോ, ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്, സിംഗപ്പൂരിലെ ഐ ടി ബി ഏഷ്യ, ബാഴ്‌സലോണ ഐ ബി ടി എം ഗ്ലോബല്‍ എന്നിവയിലെല്ലാം ക്യു ടി എ പങ്കെടുക്കും.

Latest