Connect with us

Gulf

ഡ്രൈവിംഗ് മോശമാക്കിയാല്‍ കൂടുതല്‍ പ്രീമിയം അടക്കേണ്ടിവരും

Published

|

Last Updated

ദോഹ: രാജ്യത്തെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നൂതന പദ്ധതിയുമായി ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക്. അപകടമുണ്ടാക്കുകയും ഗതാഗത നിയമം ലംഘിക്കുകയും ചെയ്യുന്നവരുടെ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പ്രീമിയം ഈടാക്കാന്‍ ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് (ക്യു സി ബി) ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് അനുവാദം നല്‍കി. ഡ്രൈവറുടെ ട്രാഫിക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ പ്രീമിയം തുക കണക്കുകൂട്ടാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഡ്രൈവിംഗ് ശൈലി കൂടി ഉള്‍പ്പെടുത്തിയായിരിക്കണം മെക്കാനിക്കല്‍ വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പോളിസികള്‍ വേണ്ടതെന്ന് ഈ മാസം 21ന് ക്യു സി ബി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്‍ഷ്വറന്‍സ്, റി ഇന്‍ഷ്വറന്‍സ്, തകാഫുല്‍, റി തകാഫുല്‍ കമ്പനികള്‍ക്കും ഇത് ബാധകമായിരിക്കും. വാഹനയിനം, ഒരു വര്‍ഷത്തെ യാത്രാദൂരം എന്നിവയോടൊപ്പം അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും പരിഗണിച്ചായിരിക്കും പോളിസി വില തീരുമാനിക്കുക. ഡ്രൈവര്‍മാരുടെ പെരുമാറ്റവും റോഡ് സുരക്ഷയും മെച്ചപ്പെടുത്താന്‍ ഈ നടപടി കാരണമാകുമെന്നാണ് ക്യു സി ബിയുടെ പ്രതീക്ഷ.
ഇടക്കിടെ അപകടങ്ങള്‍ സംഭവിക്കുന്ന ബ്ലാക് സ്‌പോട്ടുകളും അപകട കാരണങ്ങളും സംബന്ധിച്ച അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് കൈമാറും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ക്യു സി ബി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് ഉപയോഗിക്കുന്ന കംപല്‍സറി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സും കോംപ്രഹെന്‍സീവ് ഇന്‍ഷ്വറന്‍സും വ്യത്യാസമുണ്ട്. അപകടമുണ്ടായാല്‍ വാഹനത്തിന്റെ കേടുപറ്റിയ ഭാഗം ഒറിജിനലും പുതിയതുമായ സ്‌പെയര്‍ പാര്‍ട്‌സ് ഉപയോഗിച്ച് ശരിയാക്കിത്തരാന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയോട് ഉടമസ്ഥന് ആവശ്യപ്പെടാം. എന്നാല്‍ ഇരുകൂട്ടരുടെയും തീരുമാനപ്രകാരം ഉടമസ്ഥനും നിശ്ചിത ശതമാനം ഇതിന് നല്‍കണം. അങ്ങനെ നല്‍കുന്നത് ഒറിജിനല്‍ പാര്‍ട്‌സിന്റെ വിലയുടെ 50 ശതമാനത്തില്‍ കൂടുതലാകരുത്. നിശ്ചിത ശതമാനം തുക ലഭിക്കുന്നതിന് അപകടം വരുത്തിവെച്ചയാള്‍ക്കെതിരെ വാഹന ഉടമക്കോ ഇന്‍ഷ്വറന്‍സ് കമ്പനിക്കോ കോടതിയില്‍ കേസ് കൊടുക്കാം.
നാല് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനം അപകടത്തില്‍ പെടുകയും പാര്‍ട്‌സുകള്‍ മാറ്റാതെതന്നെ പഴയ പടിയാക്കാമെന്ന് ഇന്‍ഷ്വറന്‍സ് കമ്പനി അംഗീകരിക്കുന്ന ഗാരേജ് സമ്മതിച്ചാല്‍ അത് യോജിച്ച പരിഹാരമാണ്. പുതിയ ഒറിജിനല്‍ പാര്‍ട്‌സ് വെക്കണമെന്ന് ഉമടസ്ഥന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഇതിന് വരുന്ന അധിക തുക അയാള്‍ അടക്കണം. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ആസ്ഥാനങ്ങളിലും ബ്രാഞ്ചുകളിലും ഉപഭോക്താക്കള്‍ കാണുംവിധം സര്‍ക്കുലര്‍ പ്രദര്‍ശിപ്പിക്കാന്‍ ക്യു സി ബി നിര്‍ദേശിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest