അന്തരീക്ഷ ഈര്‍പ്പം ഉയരുന്നു; ചൂടിനു കാഠിന്യമേറും

Posted on: July 25, 2016 6:23 pm | Last updated: July 25, 2016 at 7:24 pm
SHARE

ദോഹ: രാജ്യത്ത് ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയരുന്നു. ചൂടിന്റെ അസഹ്യതയും വിയര്‍പ്പും വര്‍ധിപ്പിക്കുന്നതാണിത്. സമുദ്രത്തില്‍ ഈര്‍പ്പം ഉയരുന്നതാണ് കരിയിലും ഈര്‍പ്പം ശക്തമാകാനിടയാക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലാണ് ഈര്‍പ്പം കനക്കുക. കാറ്റിന്റെ വേഗത മണിക്കൂറില്‍ 12നും 22നും ഇടയില്‍ നോട്ട് ആയിരിക്കും. കിഴക്കന്‍ പ്രദേശങ്ങളില്‍ ഇത് 28 ആയി ഉയരാനും സാധ്യതയുണ്ട്.
ഇന്നലെ രാജ്യത്ത് അനുഭവപ്പെട്ട ഉയര്‍ന്ന ചൂട് 45 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കരാനയിലാണ് ഇത് രേഖപ്പെടുത്തിയത്. തുറൈനയില്‍ 44 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ ദോഹയുള്‍പ്പെടെ തലസ്ഥാന നഗരി പ്രദേശങ്ങളില്‍ 40 ഡിഗ്രിയായിരുന്നു ചൂട്. അതേസമയം ഇന്ന് താപനില അല്‍പം താഴ്ന്ന് 42 ഡിഗ്രിയിലേക്കെത്തും. ദുഖാനിലായിരിക്കും ഇത്. ദോഹയില്‍ 40 ഡിഗ്രിയായിരിക്കും ചൂട്. താപനില താഴ്ന്നതെങ്കിലും ചുടുകാറ്റും ഈര്‍പ്പവും ജനങ്ങള്‍ക്ക് കൂടുതല്‍ അസഹ്യത അനുഭവപ്പെടുത്തും. പകല്‍ സയമത്ത് പുറത്തിറങ്ങി നടക്കുന്നത് പ്രയാസകരമായിരിക്കും. നിര്‍ജലീകരണത്തിനു സാധ്യതയുള്ളതിനാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെടുന്നു. കടലില്‍ ജലനിരപ്പ ഏഴ് അടി വരെ ഉയരാന്‍ സാധ്യതയുണ്ട്.