ഹരിത മാതൃകകളെക്കുറിച്ച് കുട്ടികള്‍ക്ക് ശില്‍പ്പശാല നടത്തി

Posted on: July 25, 2016 7:23 pm | Last updated: July 25, 2016 at 7:23 pm
SHARE
ശില്‍പ്പശാലയില്‍ പരിശീലനം നേടുന്ന കുട്ടികള്‍
ശില്‍പ്പശാലയില്‍ പരിശീലനം നേടുന്ന കുട്ടികള്‍

ദോഹ: ഖത്വര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ (ക്യു ജി ബി സി) യുടെ നേതൃത്വത്തില്‍ ഹരിത മാതൃകകള്‍, ഊര്‍ജത്തിന്റെ പുനരുപയോഗം, പരിസ്ഥിതി സൗഹാര്‍ദ സാങ്കേതികത തുടങ്ങിയ വിഷയങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശില്‍പ്പശാല സംഘടിപ്പിച്ചു. ഖത്വര്‍ സയന്‍സ് കഌബിന്റെ സഹകരണത്തോടെയാണ് ഖത്വര്‍ സയന്‍സ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചത്. അഞ്ചു മുതല്‍ ഏഴുവരെ കഌസുകളിലുള്ള കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. സുസ്ഥിര വികസന മാതൃകകളുടെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് കഌസുകള്‍ സംഘടിപ്പിച്ചത്.
ഹരിത നിര്‍മിതിക്കായുള്ള വിവിധ പാഠ്യ പദ്ധതികളോടൊപ്പം കുട്ടികളില്‍ ക്രിയാത്മകത വളര്‍ത്താനും വിവിധ മേഖലകളില്‍ പാടവം തെളിയിക്കാനും ആശയങ്ങള്‍ വികസിപ്പിക്കാനും അവസരം നല്‍കിയതായി ക്യു.ജി.ബി.സി കമ്മ്യൂണിക്കേഷന്‍സ് ഹെഡ് ഹമൂദ് യൂസുഫ് പറഞ്ഞു. ശില്‍പ്പശാലയോടനുബന്ധിച്ച് തങ്ങള്‍ പഠിച്ച ഹരിത മാതൃകകള്‍ ഉള്‍പ്പെടുത്തി പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ആവശ്യപ്പെട്ടിരുന്നു. നവീന ആശയങ്ങള്‍ മനസ്സിലാക്കാനുള്ള ശില്‍പ്പശാല വളരെ ഉപകാരപ്പെട്ടതായി പങ്കെടുത്ത വിദ്യാര്‍ഥികള്‍ അറിയിച്ചു.