Connect with us

Gulf

സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാന്‍ നെക്സ്റ്റ് ജനറേഷന്‍ പദ്ധതിയുമായി ഖത്വര്‍

Published

|

Last Updated

ദോഹ: രാജ്യം നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ ചെറുക്കുന്നതിനും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഭാവിതലമുറ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നു. ദേശീയ സൈബര്‍ സുരക്ഷാ വികസനത്തിന്റെ ഭാഗമായി ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഗ്രീസിലെ പട്രാസ് യൂണിവേഴ്‌സിറ്റിയും ലൊഖീദ് മാര്‍ട്ടിനും ചേര്‍ന്നാണ് പദ്ധതി വികസിപ്പിക്കുക.
കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ഒന്നാമത് അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സാങ്കേതികതാ ചര്‍ച്ചക്ക് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു വിഭാഗവും ഒപ്പു വെച്ചു.
ഖത്വര്‍ ദേശീയ ദര്‍ശനം 2030ന്റെ ഭാഗമായാണ് ലൊഖീദ് മാര്‍ട്ടീനുമായി ചര്‍ച്ചകള്‍ നടത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ വിദഗ്ധര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഖത്വറിന്റെ വളര്‍ന്നുവരുന്ന സൈബര്‍ ആവശ്യകതകളെ കുറിച്ച് വിശദമായി ആരാഞ്ഞു. പുതുതലമുറ സൈബര്‍ പ്രതിരോധം വികസിപ്പിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. രണ്ടു ദിവസമായി നടന്ന ചര്‍ച്ചയില്‍ രാജ്യത്ത് വികസിപ്പിക്കേണ്ട ഭാവി സൈബര്‍ പദ്ധതികളെ കുറിച്ച് രൂപരേഖയുണ്ടാക്കി.
ഭാവിയിലുണ്ടായേക്കാവുന്ന സൈബര്‍ പ്രതിസന്ധികളെ കുറിച്ച് ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളേയും അധ്യാപകരേയും തയ്യാറാക്കുന്നതിനാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി ഐ സി ടി ഡിവിഷന്‍ കോ ഓര്‍ഡിനേറ്ററും ആക്ടിംഗ് അസോസിയേറ്റ് പ്രൊ വോസ്റ്റുമായ പ്രൊഫ. ആമിന്‍ ബെര്‍മാര്‍ക്ക് പറഞ്ഞു.
സൈബര്‍ സുരക്ഷാ പദ്ധതിയുടെ ആദ്യ മാസ്റ്റര്‍ ഓഫ് സയന്‍സ് വിദ്യാര്‍ഥികളെ വേനലവധിക്കു ശേഷം സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കും. സൈബര്‍ മേഖലയും സര്‍ക്കാരുകളും ഭാവിയില്‍ നേരിട്ടേക്കാവുന്ന സൈബര്‍ പ്രതിസന്ധികളെ കുറിച്ചും അവ പരിഹരിക്കുന്നതിനെ കുറിച്ചുമുള്ള പ്രാധാന്യം തങ്ങള്‍ ഏറെ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും നാളുകളായി നടത്തിയ ചര്‍ച്ചയിലുടെ പദ്ധതിയെ കുറിച്ചുള്ള രൂപം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ സുരക്ഷാ മേഖലയില്‍ ഗവേഷണം നടത്തുന്ന പട്രാസ് സര്‍വകലാശാല യൂറോപ്യന്‍ മേഖലയില്‍ ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണെന്ന് പട്രാസ് സര്‍വകലാശാലയിലെ ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. ദിമിത്രിയോസ് സെര്‍പാനോസ് പറഞ്ഞു. അടുത്ത ഭാവി കൂടുതല്‍ സുരക്ഷിതത്വമുള്ളതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest