ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രിം കോടതിയുടെ അനുമതി

ഭ്രൂണത്തിന് സാധാരണയില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്.
Posted on: July 25, 2016 5:24 pm | Last updated: July 25, 2016 at 5:24 pm
SHARE

supreme-court-india

ന്യൂഡല്‍ഹി: ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് 24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കി. മുംബൈയില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് ഗര്‍ഭചിദ്രം നടത്താന്‍ സുപ്രിം കോടതി അനുവദിച്ചത്. ഭ്രൂണത്തിന് സാധാരണയില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്.

1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമപ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമായ ഭ്രൂണം നശിപ്പിക്കാനാകില്ല. എന്നാല്‍ മാതാവിന്റെ ജീവന് ഭീഷണിയുണ്ടെങ്കില്‍ 24 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭചിദ്രം അനുവദിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തക് കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയായിരുന്നു.

20 ആഴ്ചകള്‍ക്ക് ശേഷമാണ് ഭ്രൂണത്തിന് അസാധാരണ വലിപ്പമുള്ളതായി കണ്ടെത്തിയതെന്നും അതിനാല്‍ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നും പെണ്‍കുട്ടി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഈ ഹരജി പരിഗണിച്ച കോടതി മുംബൈയിലെ കിംഗ് എഡ്വാര്‍ഡ് മെമ്മോറിയല്‍ കോളജ് ആന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ സംഘത്തെ ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കുകയായിരുന്നു.