Connect with us

Gulf

ജി സി സി രാജ്യങ്ങളിലേക്ക് റോഡ് മാര്‍ഗം പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

അബുദാബി: ജി സി സി രാജ്യങ്ങളിലേക്ക് റോഡ് മാര്‍ഗം സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതാത് രാജ്യങ്ങളിലെ ട്രാഫിക് നിയമങ്ങളെകുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യാത്ര പോകുന്ന രാജ്യത്തെ നിയമങ്ങളറിയാതെ ചില സ്വദേശികളും വിദേശികളും അവിടങ്ങളില്‍ നിയമക്കുരുക്കില്‍ കുടുങ്ങി യാത്രാ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയാതാകുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അഭ്യര്‍ഥിച്ചത്.

ജി സി സി രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചും സഊദിയിലേക്ക് സ്വന്തം വാഹനത്തില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവരോടാണ് മന്ത്രാലയത്തിന്റെ അഭ്യര്‍ഥന. രാജ്യത്തിന്റെ റോഡ് മാര്‍ഗമുള്ള അതിര്‍ത്തി പോയിന്റുകളില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന ലഘുലേഖയിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പുള്ളത്. യാത്ര ചെയ്യുന്ന വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത, പ്രാഥമിക ശുശ്രൂഷാ സംവിധാനങ്ങള്‍ എന്നി പരശോധിച്ച് ഉറപ്പ് വരുത്തുക, സീറ്റ് ബെല്‍റ്റ് ധരിക്കുക, കുട്ടികളെ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുത്തുക തുടങ്ങിയ കാര്യങ്ങളാണ് യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് ലഘുലേഖയില്‍ പറയുന്നു. അയല്‍ രാജ്യങ്ങളിലെ, ഗതാഗത സംബന്ധിയായി അവശ്യം അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങളും യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന ലഘുലേഖയില്‍ വിശദീകരിക്കുന്നുണ്ട്.

അമിത വേഗത്തിന് സഊദിയില്‍ 100 മുതല്‍ 900 റിയാല്‍ വരെ പിഴയൊടുക്കുന്നതിന് പുറമെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനത്തിന്റെ ചില്ലുകളില്‍ പതിക്കുന്ന കൂളിംഗ് ഫിലിമിന്റെ മറ 30 ശതമാനത്തില്‍ കൂടാതിരിക്കുക, മുന്‍-പിന്‍ ഗ്ലാസുകളിലും മുന്‍സീറ്റിനോട് ചേര്‍ന്നുള്ള ഇരുവശങ്ങളിലെ ഗ്ലാസുകളിലും ഫിലിം ഒട്ടിക്കാതിരിക്കുക തുടങ്ങിയ സഊദിയിലെ നിയമങ്ങളെ കുറിച്ച് യാത്രക്കാര്‍ ബോധവാന്മാരാകണം. ലഘുലേഖയില്‍ പറയുന്നു. ഇത്തരം നിയമങ്ങളെ കുറിച്ച് ബോധവാന്മാരല്ലാത്ത പല സ്വദേശികളും വിദേശികളും പിടിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം അതിര്‍ത്തി കടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നത്.

Latest