Connect with us

Gulf

എമിറേറ്റ്‌സ് ഐ ഡി ഉപയോഗിച്ച് യു എ ഇയില്‍ പ്രവേശിക്കാം

Published

|

Last Updated

ദുബൈ: സ്വദേശികള്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും പ്രയോജനമാകും വിധത്തില്‍ താമസ-കുടിയേറ്റ വകുപ്പ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഇ-ഗേറ്റ് സംവിധാനമൊരുക്കി. ടെര്‍മിനല്‍ മൂന്നിലെ ആഗമന കെട്ടിടത്തിലാണ് എമിറേറ്റ്‌സ് ഐ ഡി ഉപയോഗിക്കാവുന്ന വിധത്തില്‍ ഇ-ഗേറ്റ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കാലാവധിയുള്ള എമിറേറ്റ്‌സ് ഐ ഡി ഉപയോഗിച്ച് ഈ സംവിധാനം പ്രയോജനപ്പെടുത്താം.

രാജ്യത്തിന് പുറത്തുപോയി തിരികെ വരുമ്പോള്‍ എമിറേറ്റ്‌സ് ഐ ഡി കൈവശമുള്ള യു എ ഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും യാതൊരുവിധ ഫീസോ മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷനോ കൂടാതെ ഇ-ഗേറ്റ് സംവിധാനത്തിലൂടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാവുന്ന വിധത്തിലാണ് താമസ-കുടിയേറ്റ വകുപ്പ് പുതിയ പദ്ധതി ഒരുക്കിയിട്ടുള്ളത്.

രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെച്ചപ്പെട്ട ജീവിതരീതി ഏര്‍പെടുത്തുന്നതിനാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. പ്രാഥമിക ഘട്ടത്തില്‍ 28 മെഷീനുകളാണ് ടെര്‍മിനല്‍ മൂന്നിലെ ആഗമന സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ ടെര്‍മിനലുകളിലെയും പുറപ്പെടല്‍, ആഗമന സമുച്ചയങ്ങളില്‍കൂടി സംവിധാനം വിപുലീകരിക്കുമെന്ന് താമസ-കുടിയേറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി.

Latest