Connect with us

National

പ്രസവാവധി ആറര മാസമാക്കാന്‍ കേന്ദ്ര തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പ്രസവാവധി ആറര മാസം (26 ആഴ്ച) ആക്കുന്നു. നിലവില്‍ 12 ആഴ്ചയാണ് പ്രസവാവധി നല്‍കുന്നത്. ഇതിന് പുറമെ കുഞ്ഞുങ്ങളെ വീടുകളില്‍ പരിചരിക്കുന്ന അമ്മമാര്‍ക്ക് ജോലിയുടെ സ്വഭാവത്തിനനുസരിച്ച് വീട്ടില്‍ വെച്ചുതന്നെ ജോലി ചെയ്യാമെന്ന ഇളവും ലഭ്യമാക്കും. ഇതുസംബന്ധിച്ച നിയമം നിര്‍മിക്കാനായി മന്ത്രിസഭാ നോട്ട് തയ്യാറായിട്ടുണ്ട്. കുറഞ്ഞത് 50 സ്ത്രീകളെങ്കിലും ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ക്രഷ് (കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ശാലകള്‍) ഒരുക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. സ്ഥാപനത്തില്‍ ഇല്ലെങ്കില്‍ അതിന്റെ നിശ്ചിത ദൂരപരിധിയിലെങ്കിലും വേണം. ഇന്റര്‍വെല്‍ സമയം ഉള്‍പ്പെടെ ദിവസം നാല് തവണയെങ്കിലും അവിടെ സന്ദര്‍ശിക്കാനും ജീവനക്കാരെ സ്ഥാപന മേധാവി അനുവദിക്കണമെന്നും ബില്ല് പറയുന്നു.
നടപ്പു സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ല് അവതതരിപ്പിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ നേരത്തെ അറിയിച്ചിരുന്നു. ബില്ല് മന്ത്രിസഭ ഉടന്‍ പരിഗണിക്കും. 1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് ഭേദഗതി ചെയ്താണ് കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് അനുകൂലമായ നിയമം കൊണ്ടുവരുന്നത്. അതേസമയം, മൂന്ന് മാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും വാടകഗര്‍ഭം മുഖേന കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അമ്മമാര്‍ക്കും 12 ആഴ്ച മാത്രമേ പ്രസവാവധി ലഭിക്കൂ.
സ്ഥാപന ഉടമ ജീവനക്കാരിക്ക് നല്‍കുന്ന ജോലിയുടെ സ്വഭാവം അനുസരിച്ചായിരിക്കും 26 ആഴ്ച കഴിഞ്ഞതിനു ശേഷം വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ അവരെ അനുവദിക്കുക. ചില ഐ ടി സ്ഥാപനങ്ങളും മറ്റും വീടുകളില്‍ നിന്ന് ജോലി തുടരാനുള്ള സൗകര്യം നിലവില്‍ നല്‍കുന്നുണ്ട്.

---- facebook comment plugin here -----

Latest